ചേർപ്പ് : കാട് കയറി സഞ്ചാരയോഗ്യമല്ലാതെ, ചേർപ്പ് പഞ്ചായത്ത് 19, 21 വാർഡുകളിൽ ഉൾപ്പെടുന്ന കടാമ്പുഴ ബണ്ട് റോഡ്. റോഡ് മുഴുവൻ പൊന്തക്കാടുകൾ വളർന്ന് പന്തലിച്ച് നിൽക്കുകയാണ്. ടൂവീലർ അടക്കം വാഹന - വഴിയാത്രികർക്ക് ഇതുവഴി പോകാൻ ബുദ്ധിമുട്ടേറെയുള്ള അവസ്ഥയാണ്. പടിഞ്ഞാറെ പെരുമ്പിള്ളിശേരി, ചേനം, അമ്മാടം, പൂത്തറയ്ക്കൽ ഭാഗങ്ങളിലേക്ക് പോകുന്ന വഴിയും കൂടിയാണിത്. രാത്രി സമയം വൈദ്യുതിയും വഴി വെളിച്ചവുമില്ലാത്തതിനാൽ സാമൂഹിക വിരുദ്ധരുടെ വിളയാട്ടവും റോഡിലേക്ക് കാട് കയറിയതിനാൽ ഇഴജന്തുക്കളുടെ ശല്യവും വർദ്ധിച്ചിരിക്കുകയാണ്.
ബണ്ട് വഴി ചെറിയ വീതിയുള്ളതിനാൽ ബൈക്ക് തട്ടിമറിഞ്ഞ് അപകടവും പതിവാണ്. കടാമ്പുഴ കോൾപ്പടവിന്റെ വശ്യസൗന്ദര്യം നിരവധി കാഴ്ചക്കാരെ ആകർഷിക്കുന്നവയാണ്. എന്നാൽ വികസനങ്ങൾക്ക് വഴി തുറക്കാതെ കിടക്കുന്ന അവസ്ഥയും കടാമ്പുഴയ്ക്ക് മങ്ങലേകുന്നു. അധികൃതർ നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
കടാമ്പുഴയുടെ പ്രകൃതി രമണീയത കാത്തുസൂക്ഷിക്കണം. കാലങ്ങളായി പ്രദേശവാസികളുടെ ആവശ്യമായ കടാമ്പുഴ പാലവും ബണ്ട് റോഡും വികസിപ്പിച്ച് കൂടുതൽ സഞ്ചാരയോഗ്യമാക്കണം.
കെ.എ.നിഷാദ്
( പ്രദേശവാസി )