cor

തൃശൂർ: കോടതി വ്യവഹാരങ്ങളിൽ വട്ടംകറങ്ങി കോർപ്പറേഷൻ. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് 2221 കേസുകളാണ് കഴിഞ്ഞ മൂന്നു വർഷത്തിനിടെ കോർപറേഷൻ ഭരണസമിതിക്കെതിരെ ഉണ്ടായിട്ടുള്ളത്. ഇതിൽ കേസ് നടത്തിയതിന് കഴിഞ്ഞ മൂന്നു വർഷത്തിനിടെ ചെലവഴിച്ചത് 93 ലക്ഷത്തിലേറെ. കേസുകൾ പൂർത്തിയായതിൽ ഇനിയും ലക്ഷങ്ങൾ കൊടുത്തു തീർക്കാനുണ്ട്.
കുറെ കേസുകൾ തീർപ്പായെങ്കിലും ഇപ്പോഴും ആയിരത്തിലേറെ കേസുകൾ നിലനിൽക്കുന്നുണ്ട്. ഈ കേസുകളെല്ലാം തീർപ്പായി വന്നാൽ വക്കീൽ ഫീസിനത്തിൽ മൂന്നു കോടിയിലേറെ രൂപ ചെലവഴിക്കണം. ഇതിനു പുറേമേ അപ്പീൽ കേസുകൾ വന്നാൽ അതിനും തുക ചെലവഴിക്കണം. 2016 മുതൽ തീർപ്പാകാതെ കിടക്കുന്ന മറ്റു കേസുകൾ വേറെയുമുണ്ട്. തണ്ണീർത്തടം നികത്തൽ, ചട്ടങ്ങൾ ലംഘിച്ചുള്ള കെട്ടിട നിർമ്മാണങ്ങൾ, വസ്തു നികുതി തുടങ്ങി നിരവധി കേസുകളാണ് കോർപറേഷനുമായി ബന്ധപ്പെട്ട് നിലനിൽക്കുന്നത്. ഒരോ കേസിനും 15,000 രൂപ വീതമാണ് വക്കീൽ ഫീസായി നൽകുന്നത്. ഹൈക്കോടതി, ജില്ലയിലെ കോടതികൾ, ട്രൈബ്യുണലുകൾ എന്നിവയിലാണ് കേസുകൾ നിലനിൽക്കുന്നത്. 1987 മുതൽ പരിഹരിക്കാതെ കിടന്ന് ശക്തൻ നഗർ സമഗ്ര വികസനത്തിന് തടസമായി നിന്നിരുന്ന എനാർക്ക് കൺസ്ട്രക്ഷനുമായി നിലനിന്നിരുന്ന കേസുകൾ അടുത്തിടെയാണ് ഒത്തുതീർപ്പാക്കിയത്. ഇതിൽ എനാർക്കിന് 76,07,835 രൂപ 4 ഗഡുക്കളായി നൽകുന്നതിന് തിരുമാനിക്കുകയായിരുന്നു.


വസ്തു നികുതിയിൽ 202 കേസുകൾ

വസ്തു നികുതിയുമായി ബന്ധപ്പെട്ട് 202 കേസുകളാണ് ഹൈക്കോടതിയിൽ ഫയൽ ചെയ്തത്. ഇതിൽ 196 എണ്ണം തീർപ്പായി. ഇനിയും ആറു കേസുകൾ നിലവിലുണ്ട്. ഇതിൽ വക്കീൽ ഫീസിനത്തിൽ 196 കേസുകൾക്കായി ഒരോ കേസിനും ഏഴായിരം രൂപവീതം 13.72 ലക്ഷം രൂപയാണ് നൽകിയിരിക്കുന്നത്. ഇതിൽ ബാക്കിയുള്ള 15.68 ലക്ഷം രൂപ അനുവദിക്കുന്നതിന് കൗൺസിൽ അംഗീകാരത്തിനായി മാറ്റിവച്ചിരിക്കുകയാണ്.

ബിനിയിൽ 10 കേസുകൾ

ബിനി പൊളിച്ചു പണിയുന്നതുമായി ബന്ധപ്പെട്ട് 10 കേസുകളിലാണ് കോപറേഷന് കോടതി കയറിയിറങ്ങേണ്ടി വന്നത്. ഇതിൽ ഒമ്പത് കേസുകളും തീർപ്പായി കഴിഞ്ഞു. ഇനി ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ വിനോദ് പൊള്ളാഞ്ചേരി നൽകിയ ഒരു കേസ് മാത്രമാണ് നിലനിൽക്കുന്നത്.