ചെറുതുരുത്തി: പി.എൻ.എൻ.എം ആയുർവേദ മെഡിക്കൽ കോളേജിലെ ക്രിയാശാരീര വിഭാഗത്തിന്റെ നേതൃത്വത്തിൽ 'എ.ഐ അധിഷ്ഠിത ഡിജിറ്റൽ നാഡി പരിശോധനാ ക്യാമ്പ്' സംഘടിപ്പിച്ചു. പരമ്പരാഗത ആയുർവേദ വൈദ്യ സമൂഹം രോഗി ചികിത്സയ്ക്ക് കാര്യക്ഷമമായി ഉപയോഗിച്ചുവന്നിരുന്നതായ നാഡി പരിശോധനാ മാർഗത്തെ അത്യാധുനിക കൃത്രിമ ബുദ്ധിയുടെ സഹായത്തോടെ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയുള്ളതായിരുന്നു ക്യാമ്പ്. ക്യാമ്പിൽ നാഡി തരംഗിണി എന്ന ഉപകരണത്തിന്റെ സഹായത്തോടെ പങ്കെടുത്തവരുടെ നാഡി തിരിച്ചറിയുകയും ഒപ്പം അവരുടെ മൊബൈലിലേക്ക് ആ നാഡിക്കനുസരിച്ച് പാലിക്കേണ്ടതായ ആഹാര വിഹാരങ്ങളുടെ ഒരു വിവരണം ലഭിക്കുകയും ചെയ്തു. ക്രിയാശാരീര വിഭാഗം മേധാവി ഡോ. ജയശ്രീ ആർ. കർത്താ, അസിസ്റ്റന്റ് പ്രൊഫ. ഡോ. കെ.ആര്യ, ഫിസിയോളജി ട്യൂട്ടർ പി.എസ്.കൃഷ്ണപ്രഭ എന്നിവർ നേതൃത്വം നൽകിയ ക്യാമ്പിൽ ആദ്യവർഷ ബി.എ.എം.എസ് വിദ്യാർത്ഥികൾ പങ്കെടുത്തു. 10-ാമത് ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിവിധ പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം പി.ജി.ഡീൻ പ്രൊഫ. ഡോ. പി.രതീഷ് ചടങ്ങിൽ നിർവഹിച്ചു. പ്രൊഫ. ഡോ. വി.വിനീഷ്, പ്രൊഫ. ഡോ. സി.കെ.ശ്രീജിൻ എന്നിവരും പങ്കെടുത്തു. സ്വസ്ഥവൃത്തവിഭാഗം 'ആരോഗ്യവും ഭക്ഷണവും' എന്ന വിഷയത്തിൽ വിദ്യാർത്ഥികൾക്കായി നടത്തിയ ബോധവത്കക്കരണ ക്ലാസിൽ പ്രൊഫ. ഡോ. എ.വി.സ്മിത, ഡോ. അങ്കുഷ് ജി എന്നിവർ സംസാരിച്ചു.