ചെറുതുരുത്തി: ചെറുതുരുത്തിയിൽ മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് പ്രതിരോധ പ്രവർത്തനം ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഹോട്ടലുകൾ, ബേക്കറികൾ, ശീതള പാനീയങ്ങൾ വിൽക്കുന്ന കടകൾ തുടങ്ങിയ വ്യാപാരസ്ഥാപനങ്ങളിൽ പരിശോധന നടത്തി നോട്ടീസ് നൽകി. ചെറുതുരുത്തിയിൽ ആകെ അഞ്ചു സ്ഥാപനങ്ങൾക്കാണ് നോട്ടീസ് നൽകിയത്. ഒരു ഹോട്ടൽ വൃത്തിഹീനമെന്ന് കണ്ടെത്തിയതിനെ തുടർന്ന് അടപ്പിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ എം.കെ. ജോഷിയുടെ നേതൃത്വത്തിൽ ജെ.എച്ച്.ഐമാരായ ജിഷ, സന്തോഷ്, അനുഷ, നിഹാല എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. ചെറുതുരുത്തിയിൽ ഹെപ്പറ്റൈറ്റിസ് എ വീണ്ടും റിപ്പോർട്ട് ചെയ്താൽ വരുംദിവസങ്ങളിലും പരിശോധനകളും കർശനമായ നിയമനടപടികളും തുടരുമെന്ന് എഫ്.എച്ച്.സി മെഡിക്കൽ ഓഫീസർ ഇൻചാർജ് ഡോ. പി.എ.ഷഫീർ അറിയിച്ചു. എല്ലാവരും തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാൻ ശ്രദ്ധിക്കണമെന്നും കുടിവെള്ള സംഭരണികൾ ക്ലോറിനേഷൻ നടത്തണമെന്നും നിർദേശം നൽകിയിട്ടുണ്ട്.