ചെറുതുരുത്തി: വീടുകളിലെ മുറികളിൽ അകപ്പെട്ട ജീവിതമായി മാറിയ ബഡ്‌സ് സ്‌കൂളിലെ വിദ്യാർത്ഥികൾക്കായി വള്ളത്തോൾ നഗർ പഞ്ചായത്ത് ഉല്ലാസ യാത്ര സംഘടിപ്പിച്ചു. വള്ളത്തോൾ നഗർ പഞ്ചായത്ത് പ്രസിഡന്റ് ഷെയ്ക്ക് അബ്ദുൾ ഖാദർ, വൈസ് പ്രസിഡന്റ് നിർമ്മല ദേവി എന്നിവരുടെ നേതൃത്വത്തിലാണ് ബഡ്‌സ് സ്‌കൂളിലെ 24 കുട്ടികളും അദ്ധ്യാപകരും മാതാപിതാക്കളെയും കൂട്ടി നിലമ്പൂർ തേക്ക് മ്യൂസിയം, കനാലി പ്ലോട്ട് ആട്ടിൻപാറ എന്നീ ടൂറിസം മേഖലയിലേക്കുള്ള ഉല്ലാസയാത്ര നടത്തിയത്. കുടുംബശ്രീയുടെ സഹകരണത്തോടെയാണ് ഇത്തരം യാത്രകൾ സംഘടിപ്പിക്കുന്നത്. ചൊവ്വാഴ്ച രാവിലെ ഷൊർണൂരിൽ നിന്നും തീവണ്ടി മാർഗം നിലമ്പൂരിലെത്തിയ സംഘത്തിന് പിന്നീട് ടൂറിസ്റ്റ് ബസിലായിരുന്നു യാത്ര. കൈകൊട്ടി കളികളും ഡാൻസും ആയതോടെ മക്കളുടെ മുഖത്ത് പുഞ്ചിരി വിടർന്ന സുന്ദര നിമിഷങ്ങളായിരുന്നുവെന്ന് കുട്ടികളുടെ രക്ഷിതാക്കൾ പറഞ്ഞു. വൈകിട്ട് അഞ്ചോടെ സംഘം ഷൊർണൂർ ജംഗ്ഷനിൽ തിരിച്ചെത്തി. കഴിഞ്ഞവർഷം 55 ഓളം പേരെ ഉൾപ്പെടുത്തി വയോധികർക്കായി വിനോദ യാത്ര സംഘടിപ്പിച്ചിരുന്നു. ഈ ഭരണസമിതിയുടെ കാലാവധി അവസാനിക്കുന്നതിന് മുന്നോടിയായി കിടപ്പുരോഗികളായവരെ വിനോദയാത്രയ്ക്ക് കൊണ്ടുപോകാൻ ഒരുങ്ങുകയാണ് വള്ളത്തോൾ നഗർ പഞ്ചായത്ത്. ഇതിനുവേണ്ടി ആരോഗ്യ പ്രവർത്തകരുടെയും ഡോക്ടറുടെയും ആശാവർക്കർമാരുടെയും ഇവർക്ക് ആവശ്യമായ വീൽചെയറുകളുടെയും സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വള്ളത്തോൾ നഗർ പഞ്ചായത്ത് പ്രസിഡന്റ് ഷെയ്ഖ് അബ്ദുൾ ഖാദർ പറഞ്ഞു.