തൃശൂർ : ലാലൂരിലെ മാലിന്യം നീക്കം ചെയ്യുന്നതിലെ ക്രമക്കേടും അഴിമതിയും വിജിലൻസ് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രാജൻ ജെ.പല്ലൻ ആവശ്യപ്പെട്ടു. ഐ.എം.വിജയൻ സ്റ്റേഡിയം നിർമ്മാണത്തിന് മാലിന്യം നീക്കം ചെയ്യുന്നതിൽ വൻ ക്രമക്കേട് നടന്നുവെന്ന കൺട്രോളർ ആൻഡ് ഓഡിറ്റ് ജനറലിന്റെ റിപ്പോർട്ട് മേയർ അറിഞ്ഞില്ലായെന്ന് പറയുന്നത് തന്നെ ക്രമക്കേടുകളുടെയും അഴിമതിയുടെയും ഒന്നാമത്തെ തെളിവാണെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ഓഡിറ്റിംഗ് റിപ്പോർട്ട് പ്രകാരം 3.99 കോടിയുടെ പദ്ധതിക്ക് 5.11 കോടി അനുവദിച്ചത് ഗുരുതരമായ വീഴ്ചയാണെന്നും ബന്ധപ്പെട്ടവരിൽ നിന്നും അധികം നൽകിയ തുക ഈടാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
ലാലൂർ ട്രഞ്ചിങ് ഗ്രൗണ്ടിലെ ബയോ മൈനിംഗ് പദ്ധതിക്ക് 3.99 കൂടി നൽകേണ്ടതിനുപകരം 5.11 കൂടി അനുവദിച്ചതിലൂടെ വൻ ക്രമക്കേടാണ് നടന്നതെന്ന് ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ വിനോദ് പൊള്ളാഞ്ചേരി ആരോപിച്ചു. എൽ.ഡി.എഫ് ഭരണത്തിൽ പല പദ്ധതികളിലും ഇത്തരത്തിൽ അഴിമതികൾ നടക്കുന്നുണ്ട്. മുൻ സീനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സെബിയുടെ ആത്മഹത്യ പോലും വലിയ അഴിമതിക്ക് വേണ്ടിയുള്ള സമ്മർദ്ദം മൂലം ആണെന്ന ആരോപണം നിലനിൽക്കുകയാണെന്നും വിനോദ് പ്രസ്താവനയിൽ പറഞ്ഞു.