കൊടുങ്ങല്ലൂർ : സി.ഐ ഓഫീസ് ജംഗ്ഷനിൽ അടിപ്പാത നിർമ്മിക്കില്ലെന്ന സുരേഷ് ഗോപിയുടെ പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളിയും വഞ്ചനയുമാണെന്ന് എൽ.ഡി.എഫ് കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി യോഗം ആരോപിച്ചു. കേന്ദ്രഗതാഗത മന്ത്രി നിതിൻ ഗഡ്കരി അടിപ്പാത നിർമ്മാണം എന്ന ആവശ്യത്തെ അനുഭാവപൂർവം പരിഗണിക്കുമെന്ന് ഉറപ്പു നൽകിയതായി നേരത്തെ സുരേഷ് ഗോപി മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. ജനങ്ങളെ ബോധപൂർവം കബളിപ്പിച്ച ശേഷം നിഷേധിക്കുന്ന നിലപാടാണ് ബി.ജെ.പി സ്വീകരിക്കുന്നത്. ജനങ്ങൾ ആവശ്യം നേരത്തെ അറിയിച്ചില്ലെന്ന പച്ചക്കള്ളമാണ് പറയുന്നത്. സഞ്ചാര സ്വാതന്ത്ര്യം കെട്ടിയടയ്ക്കരുത് എന്ന ആവശ്യം മുന്നോട്ടുവച്ച് ദീർഘകാലമായി പ്രദേശവാസികൾ സമരത്തിലാണ്. വ്യാപാരികളുടെ സംഘടനകൾ, റസിഡൻസ് അസോസിയേഷനുകൾ തുടങ്ങി നിരവധി ബഹുജന പ്രസ്ഥാനങ്ങൾ ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രവർത്തിക്കുകയാണ്. ദേശീയപാതയുടെ സ്ഥലം ഏറ്റെടുക്കുന്ന നടപടികൾക്ക് ഉൾപ്പെടെ സംസ്ഥാന സർക്കാർ 5500 കോടിയിൽ അധികമാണ് ചെലവഴിച്ചതെന്നും യോഗം വ്യക്തമാക്കി. വി.ആർ.സുനിൽകുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കൺവീനർ പി.കെ.ചന്ദ്രശേഖരൻ, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.ജി.ശിവാനന്ദൻ, മുസ്താക്ക് അലി, സി.സി.വിപിൻ ചന്ദ്രൻ, പി.പി.സുഭാഷ്, കെ.ആർ.ജൈത്രൻ, വേണു വെണ്ണറ, റഹീം പള്ളത്ത് , ഷെഫീഖ് മണപ്പുറം , അഡ്വ :ആർ.കെ.അരുൺ മേനോൻ, ജോസ് കുരിശിങ്കൽ എന്നിവർ സംസാരിച്ചു.