കൊടുങ്ങല്ലൂർ : ദേശീയപാതയുടെ സ്ഥലമെടുപ്പ് കാലം മുതൽ ദേശീയപാത അതോറിറ്റിയുടെ അധികാരികൾ അടിപ്പാതകളുടെ കാര്യത്തിൽ ഭേദഗതിയുണ്ടോയെന്ന് പലവട്ടം എം.എൽ.എയോടും എം.പിയോടും ചോദിച്ചിട്ടും യാതൊരു മറുപടിയും നൽകാതെ എൽ.ഡി.എഫും, യു.ഡി.എഫും സുരേഷ് ഗോപിയുടെ പ്രസ്താവന വളച്ചൊടിക്കുകയാണെന്ന് ബി.ജെ.പി.
പുതിയ അടിപ്പാതയെന്ന ആവശ്യത്തിന് അംഗീകാരമുണ്ടാകില്ലെന്ന് പറഞ്ഞ് ഡിവൈ.എസ്.പി ഓഫീസ് ജംഗ്ഷനിലെ അടിപ്പാതയുമായി ബന്ധിപ്പിക്കാൻ നോക്കുകയാണ്. ദേശീയപാത അതോറിറ്റി ഭേദഗതി ആവശ്യപ്പെട്ട സമയത്ത് മുനിസിപ്പാലിറ്റി അധികൃതരും ബന്ധപ്പെട്ട എം.എൽ.എയും മൗനം പാലിക്കുകയും നിസാരമായി നടത്തി കിട്ടേണ്ട അടിപ്പാത ഇത്തരം സാഹചര്യത്തിലേക്ക് എത്തിച്ചത് നഗരസഭ, എം.എൽ.എ, എം.പി എന്നിവരുടെ ജനവിരുദ്ധ നയമാണ്. അടിപ്പാത വരില്ല എന്ന് ഏതെങ്കിലും കോണിൽ നിന്നും വസ്തുതാരഹിതമായ വാർത്ത വന്നാൽ അത് ബി.ജെ.പിയുടെ തലയിൽ കെട്ടിവച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്ന ഇക്കൂട്ടർ അടിപ്പാത യാഥാർത്ഥ്യമായാൽ അത് ബി.ജെ.പിയുടെ ശ്രമഫലമാണെന്ന് പറയാൻ തയ്യാറാകണമെന്ന് ബി.ജെ.പിയുടെ മണ്ഡലം പ്രസിഡന്റ് ഇ.ആർ.ജിതേഷ്, ജനറൽ സെക്രട്ടറിമാരായ ടി.ജെ.ജെമി, ഐ.എസ്.മനോജ് എന്നിവർ അറിയിച്ചു.