ചെറുതുരുത്തി: പ്രമുഖ ആയുർവേദ വിദഗ്ദ്ധനും മധുരയിലെ ആര്യവൈദ്യനിലയം സ്ഥാപകനുമായ ഡോ.രമേശ് ആർ. വാര്യർ നാലാമത് ഗുരുസ്മൃതി പുരസ്‌കാരത്തിനർഹനായി. പത്മശ്രീ ഡോ.പി.ആർ.കൃഷ്ണകുമാറിന്റെ സ്മരണാർത്ഥം കൃഷ്ണായനം സാംസ്‌കാരിക സംഘടനയും പി.എൻ.എൻ.എം ആയുർവേദ കോളേജും ചേർന്നാണ് പുരസ്‌കാരം സമ്മാനിക്കുന്നത്. 23ന് ചെറുതുരുത്തിയിലെ പി.എൻ.എൻ.എം ആയുർവേദ മെഡിക്കൽ കോളേജിൽ നടക്കുന്ന ചടങ്ങിൽ കാൽലക്ഷം രൂപ, പ്രശസ്തിപത്രം, ശിൽപ്പം എന്നിവയടങ്ങുന്ന പുരസ്‌കാരം സമ്മാനിക്കും. ആയുർവേദത്തെ അന്താരാഷ്ട്ര തലത്തിൽ ഉയർത്തിപ്പിടിച്ച പത്മശ്രീ ഡോ.പി.ആർ. കൃഷ്ണകുമാറിന്റെ ശിഷ്യരും അഭ്യുദയകാംക്ഷികളും ചേർന്ന് ഷൊർണൂരിൽ സ്ഥാപിച്ച സംഘടനയാണ് കൃഷ്ണായനം. ഡോ. രമേശ് വാര്യർ മധുര ആര്യവൈദ്യനിലയത്തിന്റെ ചീഫ് ഫിസിഷ്യനും സ്ഥാപകനുമാണ്. ആയുർവേദത്തിന്റെ പ്രായോഗികവും സംരംഭകവുമായ വളർച്ചയിൽ നൽകിയ സംഭാവനകളെയാണ് പുരസ്‌കാരത്തിലൂടെ ആദരിക്കുന്നത്. കൃഷ്ണായനം കമ്മിറ്റിക്കുവേണ്ടി കൺവീനർ സന്ധ്യ മണ്ണത്ത്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഡോ.യു. ഇന്ദുലാൽ, കോളേജ് പ്രിൻസിപ്പൽ ഡോ. ജിജി മാത്യു, ഡോ. അങ്കുഷ് ജി എന്നിവർ പങ്കെടുത്തു.