കൈപ്പറമ്പ്: കർഷകരെ പ്രതിസന്ധിയിലാക്കി എടക്കളത്തൂർ മേഞ്ചിറ കോൾപ്പടവിൽ പന്നിശല്യം വ്യാപകം. വയലുകൾ മുഴുവൻ കുത്തി നശിപ്പിച്ചിട്ടിരിക്കുകയാണ്. ഏക്കറുകളിലായി നടീൽ നടത്തിയ വിളകൾ നഷ്ടമായതോടെ കർഷകർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ദിവസവും കൂട്ടത്തോടെയെത്തുന്ന പന്നികൾ നിലം പാടെ കുഴിച്ചെറിയുന്നു. ഇതു തുടർന്നാൽ വിളവെടുക്കാമെന്ന പ്രതീക്ഷ തന്നെ അസ്ഥാനത്താകുമെന്ന് കൺവീനർ കെ.കുഞ്ഞുണ്ണി പറഞ്ഞു. പന്നിശല്യം തുടർന്നാൽ നാട്ടിലെ കർഷികരംഗം മുഴുവൻ തകരുമെന്ന് കർഷകർ ആശങ്ക പ്രകടിപ്പിച്ചു. സ്ഥിതി ഗുരുതരമായതിനാൽ ഉടൻ നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത്, വനം വകുപ്പ് അധികൃതരോട് കർഷകർ ആവശ്യപ്പെട്ടു.