തൃശൂർ: വൈദ്യുതി വിഭാഗത്തിലെ ജീവനക്കാരെ വെട്ടിക്കുറച്ച നടപടി ചർച്ച ചെയ്യാൻ വിളിച്ച കോർപറേഷൻ യോഗത്തിൽ നാടകീയ രംഗങ്ങൾ. സർക്കാർ ഉത്തരവിറക്കിയത് മേയറും സി.പി.എം നേതൃത്വവും അറിഞ്ഞാണെന്നും ഗൂഢാലോചനയുണ്ടെന്നും ആരോപിച്ചാണ് പ്രതിപക്ഷ നേതാവ് രാജൻ പല്ലന്റെയും ജോൺ ഡാനിയേലിന്റെയും നേതൃത്വത്തിൽ കോൺഗ്രസ് കൗൺസിലർമാർ നടുത്തളത്തിൽ ഇറങ്ങിയത്. ഒരു മണിക്കൂറോളം മുദ്രാവാക്യം വിളിച്ച് യോഗം തടസപ്പെടുത്തിയെങ്കിലും പിരിച്ചുവിടാൻ തയ്യാറാകാതെയിരുന്ന മേയർ എം.കെ.വർഗീസിനെ പ്രതിപക്ഷ കൗൺസിലർമാർ ഉപരോധിക്കാനായി വളഞ്ഞു. ഇതോടെ ഭരണകക്ഷിയിലെ പി.കെ.ഷാജന്റെയും വർഗീസ് കണ്ടംകുളത്തിയുടെയും അനീസ് മുഹമ്മദിന്റെയും നേതൃത്വത്തിൽ കോൺഗ്രസ് കൗൺസിലർമാരെ തള്ളിനീക്കി ബലമായി മേയറെ മോചിപ്പിച്ച് ചേംബറിൽ കൊണ്ടുപോയി. ചെറിയ തോതിൽ ഉന്തുംതള്ളും നടന്നെങ്കിലും പരസ്പരം വെല്ലുവിളിയുമായി വീണ്ടും കുറച്ചു നേരം കൗൺലിലർമാർ മുഖാമുഖം മുദ്രാവാക്യം വിളി തുടർന്നു.
തസ്തിക വെട്ടിക്കുറച്ച നടപടി ശരിയല്ലെന്ന് മേയർ കൗൺസിലിൽ അറിയിച്ചു. ഈ ഉത്തരവ് റദ്ദ് ചെയ്യണമെന്നും ശമ്പള പരിഷ്‌കരണം അടിയന്തിരമായി നടപ്പാക്കണമെന്നും തീരുമാനിക്കാനാണ് കൗൺസിൽ യോഗം വിളിച്ചതെന്ന് മേയർ തുടക്കത്തിൽ തന്നെ വ്യക്തമാക്കി. സർക്കാരിൽ നിന്ന് തീരുമാനം ലഭിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും മേയർ പറഞ്ഞു. ഏഴു ദിവസത്തിനുള്ളിൽ പ്രശ്‌നം പരിഹരിക്കുമെന്ന് പറഞ്ഞിട്ടും നടപടിയെടുക്കാതെ ജനങ്ങളെ വഞ്ചിച്ച് വിതരണം ഊരാളുങ്കൽ സൊസൈറ്റിയെ ഏൽപ്പിക്കാനുള്ള നീക്കമാണ് നടത്തുന്നതെന്ന് പ്രതിപക്ഷ കൗൺസിലർമാർ പറഞ്ഞു. പ്രശ്‌നം ഉടൻ പരിഹരിക്കണമെന്ന് ബി.ജെ.പി കൗൺസിലർ വിനോദ് പൊള്ളാഞ്ചേരിയും ആവശ്യപ്പെട്ടെങ്കിലും കോൺഗ്രസിനൊപ്പം സമരത്തിനിറങ്ങാതെ സീറ്റിൽ തന്നെയിരുന്നു. എൻ.പ്രസാദ്. പൂർണിമ സുരേഷ്. ഡോ.വി.ആതിര, കെ.ജി. സനിജി, എൻ.വി.രാധിക എന്നിവർ സംസാരിച്ചു.
നശിപ്പിച്ചത് ആർ.ബിന്ദു മേയറായിരുന്നപ്പോൾ
ഇപ്പോഴത്തെ മന്ത്രി ആർ.ബിന്ദു മേയറായിരിക്കുമ്പോൾ കെ.എസ്.ഇ.ബിയുടെ സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ കോർപറേഷൻ വൈദ്യുതി വിഭാഗത്തിൽ നിന്നും 58 കോടി രൂപ അടച്ചതോടെയാണ് കോർപറേഷൻ വൈദ്യുതി വിഭാഗത്തിന്റെ സർവനാശം തുടങ്ങിയതെന്ന് രാജൻ പല്ലൻ പറഞ്ഞു. കഴിഞ്ഞ കൗൺസിൽ യോഗത്തിൽ ഈ വിഷയം താൻ തന്നെ അവതരിപ്പിക്കുകയും ഭരണകക്ഷി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സാറാമ്മ റോബ്‌സൺ പിന്തുണയ്ക്കുകയും ചെയ്തിരുന്നു.
ഉത്തരവ് പിൻവലിക്കും: മേയർ
തൃശൂർ: കോർപറേഷൻ വൈദ്യുതി വിഭാഗം തസ്തികകൾ വെട്ടിക്കുറച്ച തദ്ദേശ വകുപ്പ് ഉത്തരവ് പിൻവലിക്കുമെന്ന് മേയർ എം.കെ.വർഗീസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രശ്‌നം നിയമപരമായി പരിഹരിക്കാൻ 23ന് തിരുവനന്തപുരത്ത് മന്ത്രി എം.ബി.രാജേഷ് ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. ജീവനക്കാരുടെ ശമ്പള പരിഷ്കരണവും ചർച്ച ചെയ്ത് നടപ്പാക്കും.
നേരത്തെ ഉത്തരവ് പിൻവലിക്കണമെന്ന ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്കും മന്ത്രിമാരായ എം.ബി.രാജേഷിനും കെ.രാജനും സി.പി.എം സെക്രട്ടറി ഗോവിന്ദൻ മാസ്റ്റർക്കും കത്തുനൽകി. തുടർന്നാണ് 23നുള്ളിൽ അനുകൂല തീരുമാനമുണ്ടാകുമെന്നും അതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായും അറിയിപ്പ് കിട്ടിയത്.