ഗുരുവായൂർ: മമ്മിയൂർ മഹാദേവ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം ഞായറാഴ്ച തുടങ്ങുമെന്ന് ദേവസ്വം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നാളെ വൈകിട്ട് 6ന് നവരാത്രി മണ്ഡപത്തിൽ ആരംഭിക്കുന്ന നൃത്തസംഗീതോത്സവം എൻ.കെ.അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. മമ്മിയൂർ കൃഷ്ണൻകുട്ടി നായർ പുരസ്‌കാരം കലാമണ്ഡലം രാമ ചാക്യാർക്ക് ഡോ.കെ.ജി.പൗലോസ് സമ്മാനിക്കും. മമ്മിയൂർ ദേവസ്വം ട്രസ്റ്റി ബോർഡ് ചെയർമാൻ ജി.കെ.പ്രകാശൻ അദ്ധ്യക്ഷനാകും. മഹാദേവൻ തിരുവനന്തപുരത്തിന്റെ വീണക്കച്ചേരിയുമുണ്ടാകും. തിങ്കൾ രാവിലെ മുതൽ നവരാത്രി മണ്ഡപത്തിൽ മേൽശാന്തി ശ്രീരുദ്രൻ നമ്പൂതിരി പൂജകൾക്ക് തുടക്കം കുറിക്കും. തിങ്കളാഴ്ച മുതൽ എല്ലാ ദിവസവും രാവിലെ 6.30 മുതൽ സരസ്വതി വന്ദനവും 8 മുതൽ സംഗീതാർച്ചനയും വൈകിട്ട് നൃത്താർച്ചനയുമുണ്ടാകും. തുടർന്നുള്ള ദിവസങ്ങളിൽ വൈകിട്ട് 6.30 മുതൽ പ്രഗത്ഭ സംഗീതജ്ഞരുടെ കച്ചേരികളും നൃത്തനൃത്യങ്ങളും അരങ്ങേറും. 29ന് വൈകിട്ട് ഗ്രന്ഥംവയ്പ് നടക്കും. ഒക്ടോബർ 1ന് മഹാനവമി ദിവസം രാവിലെ 5 മുതൽ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ വേദസാര ലളിതാ സഹസ്രനാമ ലക്ഷാർച്ചന, രാവിലെ 8ന് ഗുരുവായൂർ മുരളിയുടെ നാഗസ്വര കച്ചേരി, തുടർന്ന് പ്രശസ്ത സംഗീതജ്ഞർ പങ്കെടുക്കുന്ന പഞ്ചരത്‌ന കീർത്തനാലാപനം എന്നിവയുണ്ടാകും. ഒക്ടോബർ 2ന് വിജയദശമി ദിവസം രാവിലെ 8ന് നവരാത്രി മണ്ഡപത്തിലെ പൂജകൾക്ക് ശേഷം മേൽശാന്തിമാരായ ശ്രീരുദ്രൻ നമ്പൂതിരി, നാരായണൻ നമ്പൂതിരി എന്നിവർ കുട്ടികളെ എഴുത്തിനിരുത്തും. വൈകിട്ട് 6.30 മുതൽ മുതൽ കലാമണ്ഡലം ബാലസുബ്രഹ്മണ്യനും സംഘവും അവതരിപ്പിക്കുന്ന കഥകളി അരങ്ങേറും. ദേവസ്വം ട്രസ്റ്റി ബോർഡ് ചെയർമാൻ ജി.കെ.പ്രകാശൻ, ട്രസ്റ്റി ബോർഡ് മെമ്പർമാരായ കെ.കെ.ഗോവിന്ദദാസ്, കെ.കെ.വിശ്വനാഥൻ, എക്‌സിക്യൂട്ടീവ് ഓഫീസർ എൻ.ഷാജി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.