march

ചാലക്കുടി : പുഴയിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കുന്ന അതിരപ്പിള്ളിയിലെ നിരാമയ സംരോഹ റിസോർട്ടിലേക്ക് ഡി.വൈ. എഫ്.ഐ അതിരപ്പിള്ളി മേഖലാ കമ്മിറ്റി പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു. അതിരപ്പിള്ളിയിലെ പഞ്ചായത്ത് പാർക്കിംഗ് ഗ്രൗണ്ടിന് സമീപത്തെ റിസോർട്ടിന്റെ പിൻഭാഗത്ത് കൂടിയാണ് പുഴയിലേക്ക് മാലിന്യം ഒഴുക്കുന്നത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പഞ്ചായത്ത് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെത്തി വെള്ളം പരിശോധനയ്ക്ക് എടുക്കുകയും പിന്നീട് സ്ഥാപനത്തിന് നോട്ടീസ് നൽകുകയും ചെയ്തിരുന്നു. തുടർന്നും പുഴയിലേക്ക് മാലിന്യം ഒഴുക്കിയതിനെ തുടർന്നാണ് ഡി.വൈ.എഫ്.ഐ പ്രതിഷേധ സമരം നടത്തിയത്. സമരക്കാരെ റിസോർട്ട് മുൻപിൽ പൊലീസ് തടഞ്ഞു. മാലിന്യ സംസ്‌കരണത്തിന് ശാശ്വത പരിഹാരം കാണുകയും അതുവരെ റിസോർട്ടിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കുന്നത് നിയന്ത്രിക്കണമെന്നും പഞ്ചായത്ത് നൽകിയ പരാതിയിന്മേൽ റിസോർട്ടിനെതിരെ അതിരപ്പിള്ളി പൊലീസ് കേസെടുക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. സി.പി.എം അതിരപ്പിള്ളി ലോക്കൽ സെക്രട്ടറി കെ.എസ്.സതീഷ് കുമാർ സമരം ഉദ്ഘാടനം ചെയ്തു. സി.ആർ.ശ്രീനാഥ്, അജയ് ജനാർദ്ദനൻ, രമ്യ ബിനു, വി.പി.ജിനീഷ് തുടങ്ങിയവർ സംസാരിച്ചു.