കൊടുങ്ങല്ലൂർ : കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി കാസർകോട് നിന്നും ആരംഭിച്ച വിദ്യാഭ്യാസ പരിവർത്തന സന്ദേശയാത്ര 'മാറ്റൊലി'ക്ക് തിങ്കളാഴ്ച കൊടുങ്ങല്ലൂരിൽ സ്വീകരണം നൽകും. വൈകിട്ട് അഞ്ചിന് കെ.ആർ.ബേക്കേഴ്‌സിന് മുൻവശത്ത് നിന്ന് വാദ്യഘോഷങ്ങളോടെ സ്വീകരിച്ച് കുഞ്ഞിക്കുട്ടൻ തമ്പുരാൻ ചത്വരത്തിലേക്ക് ആനയിക്കും. തുടർന്ന് പൊതുസമ്മേളനം ബെന്നി ബെഹനാൻ എം.പി ഉദ്ഘാടനം ചെയ്യും.

ജാഥ അംഗങ്ങളെയും കാലിക്കറ്റ് യൂണിവേഴ്‌സിസിറ്റി യൂണിയൻ ഭാരവാഹികളെയും സനീഷ് കുമാർ ജോസഫ് എം.എൽ.എ സ്വീകരിക്കും. കെ.പി.നൗഷാദ് അലി മുഖ്യപ്രഭാഷണം നടത്തും. കൊടുങ്ങല്ലൂർ, ചാലക്കുടി, ഇരിങ്ങാലക്കുട, മാള ഉപജില്ലയിൽ നിന്നുള്ള അദ്ധ്യാപകർ സ്വീകരണ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് സംഘാടക സമിതി ചെയർമാൻ ഇ.എസ്.സാബു, ജനറൽ കൺവീനർ സി.ജെ.ദാമു , വർക്കിംഗ് ചെയർമാൻ പ്രവീൺ എം.കുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അശാസ്ത്രീയമായ നിയമ നിർമ്മാണങ്ങളിലൂടെയും അവകാശ ആനുകൂല്യ നിഷേധങ്ങളിലൂടെയും കഴിഞ്ഞ ഒൻപത് വർഷത്തെ ഇടതുഭരണം കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ കടുത്ത അസംതൃപ്തിയിലാക്കിയതായി നേതാക്കൾ കുറ്റപ്പെടുത്തി. ഇടത് സർക്കാരിന്റെ തെറ്റായ നയങ്ങളും നിലപാടുകളും തിരുത്തണം. സി.എം.മുഹമ്മദ്, പി.ആർ.ബൈജു, കെ.വേണുഗോപാൽ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.