1
1

മുളങ്കുന്നത്തുകാവ് : തൃശൂർ ഗവ.മെഡിക്കൽ കോളേജിൽ പ്രീ പെയ്ഡ് സംവിധാനത്തിലെ ആംബുലൻസുകളും മെഡിക്കൽ കോളേജിലേക്ക് പുറമെ നിന്ന് വരുന്ന ആംബുലൻസുകളും തമ്മിൽ തർക്കം. ഡിസ്ചാർജ് ചെയ്തവരെയും മരിച്ചവരെയും കൊണ്ടുപോകാനായി അവരവരുടെ സ്ഥലത്ത് നിന്ന് എത്തിക്കുന്ന ആംബുലൻസുകാരെ സുരക്ഷാ ജീവനക്കാർ തടയുന്നതാണ് തർക്കത്തിന് ആധാരം. എല്ലാ ആവശ്യങ്ങൾക്കും പ്രീപെയ്ഡ് സംവിധാനത്തിലെ ആംബുലൻസുകൾ തന്നെ ഉപയോഗിക്കണമെന്ന ചട്ടമാണ് നിലവിലുള്ളത്. സർക്കാർ നിരക്കിലാണ് മെഡിക്കൽ കോളേജിൽ ആംബുലൻസുകൾ സർവീസ് നടത്തുന്നത്. ഇതിനേക്കാളും കുറഞ്ഞ നിരക്കിൽ ഓടാമെന്ന് പറഞ്ഞാണ് മറ്റു ആംബുലൻസുകൾ ഓട്ടം പിടിക്കുന്നത്. വെള്ളിയാഴ്ച ഡിസ്ചാർജ് ചെയ്ത രോഗിയെ കൊണ്ടുപോകാനായി പുറമെ നിന്നെത്തിയ ആംബുലൻസ് മടക്കിയയക്കാൻ ശ്രമിച്ചത് വലിയ സംഘർഷത്തിനിടയാക്കി. ഒടുവിൽ പ്രതിഷേധത്തെത്തുടർന്ന് ആംബുലൻസിന് മടങ്ങിപ്പോകേണ്ടി വന്നു. മുപ്പതോളം സ്വകാര്യ ആംബുലൻസുകളാണ് മെഡിക്കൽ കോളേജിൽ പ്രീപെയ്ഡ് സർവീസിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തനത്തിലുള്ളത്. സൗകര്യങ്ങൾ നോക്കി നാല് വിഭാഗങ്ങളാക്കി തിരിച്ചാണ് സർവീസ് നടത്തുന്നത്. മെഡിക്കൽ കോളേജിലെ പ്രീപെയ്ഡ് സംവിധാനം സംരക്ഷിക്കാനാണ് പുറമെ നിന്നുള്ള ആംബുലൻസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.എം.രാധിക പറഞ്ഞു.