1
1

മാള: പത്ത് മാസമായിട്ടും നെല്ല് സംഭരിച്ചതിന്റെ വില കിട്ടാത്തതിനെ തുടർന്ന് കുഴൂർ തുമ്പശ്ശേരിയിലെ കർഷകർ നെൽക്കൃഷി ഉപേക്ഷിക്കാൻ ഒരുങ്ങുന്നു. തുമ്പശ്ശേരി പാടശേഖരത്തിലെ 10 ഓളം കർഷകർക്കാണ് കഴിഞ്ഞ പുഞ്ചക്കൃഷിയിൽ സപ്ലൈകോ സംഭരിച്ച നെല്ലിന്റെ പണം കിട്ടാതെ കഷ്ടത്തിലായത്.

നെല്ല് സംഭരിക്കുന്നതിൽ സപ്ലൈകോയുടെ കാലതാമസവും ബാങ്കുകൾ വഴിയുള്ള പണം കൈമാറ്റത്തിലെ ബുദ്ധിമുട്ടുമാണ് പ്രശ്നം സൃഷ്ടിക്കുന്നത്. അട്ട ശല്യവും നീലക്കോഴിയുടെ ആക്രമണവും കൂടിയായപ്പോൾ കൃഷി പൂർണ്ണമായും ഉപേക്ഷിക്കേണ്ട നിലയിലാണ്.
ഈ നിലയിലാണെങ്കിൽ കഴിഞ്ഞവർഷം 250ൽ നിന്ന് 130 ആയി കുറഞ്ഞ കർഷകരുടെ എണ്ണം ഇക്കൊല്ലം മൂന്നോ നാലോ ആയി ചുരുങ്ങിയേക്കും.

ബാങ്ക് വായ്പയെടുത്തും സ്വർണം പണയപ്പെടുത്തിയുമാണ് പല കർഷകരും കൃഷി ഇറക്കുന്നത്. വിളവെടുപ്പിന് ശേഷം നെല്ല് സംഭരിച്ച് കഴിഞ്ഞാൽ ഉടൻ പണം കിട്ടുന്ന സംവിധാനം നിലവിൽ വരണം. എങ്കിലേ കർഷകന് പിടിച്ചുനിൽക്കാനാകൂ. പാടശേഖരത്തിൽ അടിഞ്ഞുകൂടുന്ന ചണ്ടി നീക്കം ചെയ്യാൻ യന്ത്രസഹായം തേടേണ്ടി വരുന്നതും അധികച്ചെലവുണ്ടാക്കുന്നു. തുമ്പശ്ശേരി പാടം കോൾപാടമായിട്ടും രേഖകളിൽ പുഞ്ചപ്പാടമായി നിലനിൽക്കുന്നതിനാൽ കോൾപ്പാടത്തിന് ലഭിക്കുന്ന ആനുകൂല്യവും ലഭിക്കുന്നില്ല.

പഞ്ചായത്തിൽ നിന്നോ കൃഷിവകുപ്പിൽ നിന്നോ ചണ്ടി നീക്കം ചെയ്യുന്നതിന് യാതൊരുവിധ സഹായവും ലഭിക്കുന്നില്ല.

വൈക്കോൽ വില ഇടിഞ്ഞതും കർഷകർക്ക് ഇരുട്ടടിയായി.

വില തുച്ഛം

നിലവിൽ സപ്ലൈകോ നൽകുന്ന സംഭരണവിലയായ 28 രൂപ 12 പൈസ കർഷകർക്ക് മതിയാകില്ല. ഉൽപാദനച്ചെലവ് കൂടിയ സാഹചര്യത്തിൽ ഒരു കിലോ നെല്ലിന് 38 രൂപയെങ്കിലും ലഭിച്ചാലേ നഷ്ടമില്ലാതെ മുന്നോട്ട് പോകാനാകൂവെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു.

പ്രശ്നങ്ങൾ പ്രധാനം നാലിനം

സപ്ളൈകോ പണം ലഭിച്ചിട്ട് പത്ത് മാസം

അട്ട ശല്യം നീലക്കോഴി ആക്രമണം

കോൾപ്പാടം,​ രേഖകളിൽ പുഞ്ചപ്പാടം

സർക്കാർ സഹായങ്ങൾ ലഭിക്കുന്നത് തുച്ഛം

തുമ്പശ്ശേരി പാടം കോൾപാടമായിട്ടും രേഖകളിൽ പുഞ്ചപ്പാടമായി നിലനിൽക്കുന്നതിനാൽ കോൾപ്പാടത്തിന് ലഭിക്കുന്ന ആനുകൂല്യം ലഭിക്കുന്നില്ല. ഈ സ്ഥിതി തുടർന്നാൽ കർഷകഗ്രാമമായ കുഴൂരിൽ നെൽക്കൃഷി പൂർണ്ണമായും അസ്തമിക്കും.

കെ.ഒ.വർക്കി

സെക്രട്ടറി

കൂഴൂർ നെൽക്കൃഷി സംരക്ഷണ സമൂഹം