1
1

പാവറട്ടി : കൂൺകൃഷി പ്രോത്സാഹിപ്പിക്കാനായി ഉല്പാദനം, സംസ്‌കരണം, മൂല്യവർദ്ധനവ്, വിപണനം എന്നീ മേഖലകൾക്ക് പ്രാധാന്യം നൽകി നടപ്പിലാക്കുന്ന കൂൺ ഗ്രാമം പദ്ധതി മണലൂർ നിയോജക മണ്ഡലത്തിലും. കൃഷി വകുപ്പ് സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാന വ്യാപകമായി 100 കൂൺ ഗ്രാമങ്ങൾ സ്ഥാപിക്കുകയാണ് ലക്ഷ്യം.
100 ചെറുകിട കൂൺ ഉത്പാദന യൂണിറ്റുകൾക്ക് പുറമേ രണ്ട് വൻകിട കൂൺ ഉത്പാദന യൂണിറ്റും, ഒരു കൂൺ വിത്തുത്പാദന യൂണിറ്റ്, 3 കൂൺ സംസ്‌കരണ യൂണിറ്റ്, 2 പാക്ക് ഹൗസ്, 10 കമ്പോസ്റ്റിംഗ് യൂണിറ്റ് എന്നിവ ചേർന്നതാണ് ഒരു സമഗ്ര കൂൺ ഗ്രാമം. കൂൺ കൃഷിയിൽ നിന്നും മാസം 1.60 ലക്ഷം വരെ ആദായം നേടാം. ഒരു ബ്‌ളോക്ക് പഞ്ചായത്തിന് കീഴിൽ താല്പര്യമുള്ള രണ്ടോ മൂന്നോ പഞ്ചായത്തുകളെ ചേർത്താണ് കൂൺഗ്രാമം നടപ്പാക്കുക. പ്രാഥമികയോഗം മുരളി പെരുനെല്ലി എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. മണ്ഡലം നോഡൽ ഓഫീസർ കൂടിയായ മുല്ലശ്ശേരി എ.ഡി.എ ഇൻ ചാർജ് സി.ആർ.രാഗേഷ് പദ്ധതി വിശദീകരിച്ചു. ചാവക്കാട്, ചൊവ്വന്നൂർ, അന്തിക്കാട് എ.ഡി.എമാരായ സബീന പരീത്, റിയ ജോസഫ്, കെ.കെ.ഹെന, മണ്ഡലത്തിലെ കൃഷി ഓഫീസർമാർ എന്നിവർ പങ്കെടുത്തു.

അപേക്ഷ 25ന് അകം

മണലൂർ നിയോജക മണ്ഡലത്തിൽപെട്ട കൂൺ കൃഷി ചെയ്യാൻ താൽപ്പര്യമുള്ള കർഷകർ 25ന് അകം നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ പൂരിപ്പിച്ച് അതാത് കൃഷി ഭവനുമായി ബന്ധപ്പെട്ട് അപേക്ഷ സമർപ്പിക്കണം. 25ന് രാവിലെ ഒമ്പതരയ്ക്ക് മുല്ലശ്ശേരി ഇ.എം.എസ് കമ്മ്യൂണിറ്റി ഹാളിൽ പദ്ധതിയുടെ മണ്ഡലം തല ഉദ്ഘാടനവും അപേക്ഷിക്കുന്നവർക്കുള്ള പ്രാഥമിക പരിശീലനവും നൽകും.

ഗുണങ്ങൾ


നല്ല അളവിൽ നാരും പ്രോട്ടീനും അടങ്ങിയ കലോറി കുറഞ്ഞ ഭക്ഷണമാണ് കൂണുകൾ. ഡയറ്റ് ഭക്ഷണക്രമത്തിൽ കൂണിന് മുഖ്യസ്ഥാനമുണ്ട്.

കൊളസ്‌ട്രോൾ കുറവാണെന്ന് മാത്രമല്ല, മനുഷ്യശരീരത്തിലെ വിറ്റാമിൻ ഡി സംശ്‌ളേഷണത്തിന് സഹായകമായി പ്രവർത്തിക്കുന്ന എർഗോസ്റ്ററോളും കൂണിലുണ്ട്. കൊഴുപ്പിന്റെ അംശവും കുറവാണ്. ജീവിതശൈലി രോഗങ്ങൾക്കും കൂണുകൾ ഫലപ്രദമാണ്.