കൊടുങ്ങല്ലൂർ: തീരപ്രദേശങ്ങൾ വൃത്തിയായും സുരക്ഷിതമായും നിലനിറുത്തുക എന്ന ലക്ഷ്യത്തോടെ ഭാരത് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് ദേശീയ കാര്യാലയത്തിന്റെ നിർദ്ദേശമനുസരിച്ച് തീരപ്രദേശ ശുചീകരണ വാരം ആചരിച്ചു. കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സിൽ ഉൾപ്പെടുന്ന ഇരിങ്ങാലക്കുട ജില്ലാ അസോസിയേഷന്റെയും കൊടുങ്ങല്ലൂർ ലോക്കൽ അസോസിയേഷന്റെയും സ്‌കൗട്ട് ഗൈഡ് കുട്ടികളും അദ്ധ്യാപകരും അഴീക്കോട് മുനക്കൽ കടപ്പുറം മുതൽ എറിയാട് വരെ കടൽ തീരം വൃത്തിയാക്കി. ഉദ്ഘാടനം അഴിക്കോട് കോസ്റ്റൽ പൊലീസ് സ്റ്റേഷൻ എസ്.ഐ. ബിജു ജോസ് നിർവഹിച്ചു. സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് അസി. ഡിസ്ട്രിക്ട് കമ്മീഷണർ പി.എ.സെയ്ദ് മുഹമ്മദ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ഡൊമിനിക് പോൾ, ഭഗിലാൽ എന്നിവർ സംസാരിച്ചു. ഡിസ്ട്രിക്ട് ഓർഗനൈസിംഗ് കമ്മീഷണർ കെ.ജി.ജയപ്രകാശ് നേതൃത്വം നൽകിയ ശുചീകരണ യജ്ഞത്തിൽ കൊടുങ്ങല്ലൂർ ലോക്കൽ അസോസിയേഷനിൽ നിന്നും നൂറ്റി അമ്പത് സ്‌കൗട്ടുകളും ഗൈഡുകളും അധ്യാപകരും പങ്കെടുത്തു.