father

തൃശൂർ: അര നൂറ്റാണ്ട് അതിരൂപതയുടെ നെടുനായകത്വം വഹിച്ച സൗമ്യ സാന്നിദ്ധ്യത്തിന് സാംസ്‌കാരിക നഗരിയുടെ പ്രണാമം. അതിരൂപത മുൻ അദ്ധ്യക്ഷൻ ആർച്ച് ബിഷപ് എമിരറ്റസ് മാർ ജേക്കബ് തൂങ്കുഴിയുടെ (95) ഒന്നാം ഘട്ട സംസ്‌കാര ശുശ്രൂഷയ്ക്ക് ഇന്നലെ രാവിലെ 11.30 ഓടെ തൃശൂർ അതിരൂപതാ മന്ദിരത്തിൽ മെത്രാപ്പൊലീത്ത മാർ ആൻഡ്രൂസ് താഴത്തിന്റെ കാർമികത്വത്തിൽ തുടക്കമായി.

ഉച്ചയ്ക്ക് 12.15ന് ഭൗതികദേഹം തൃശൂർ ഡോളേഴ്‌സ് ബസിലിക്കയിലേക്ക്. അവിടെ പൊതുദർശന ശേഷം വൈകിട്ട് മൂന്നരയോടെ തൃശൂർ സ്വരാജ് റൗണ്ട് ചുറ്റി വിലാപയാത്രയായി ലൂർദ് കത്തീഡ്രൽ പള്ളിയിലെത്തിച്ചു. തുടർന്ന് മാർ ആൻഡ്രൂസ് താഴത്തിന്റെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ ബലി. ഇരിങ്ങാലക്കുട രൂപതാദ്ധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ സന്ദേശം നൽകി. ബത്തേരി രൂപതാദ്ധ്യക്ഷൻ ജോസഫ് മാർ തോമസ് ആദരാഞ്ജലികളർപ്പിച്ചു.
കേന്ദ്രമന്ത്രി ജോർജ് കുര്യൻ, മന്ത്രിമാരായ ആർ.ബിന്ദു, റോഷി അഗസ്റ്റിൻ, കെ.രാധാകൃഷ്ണൻ എം.പി, എം.എൽ.എമാരായ മാത്യു കുഴൽനാടൻ, സേവ്യർ ചിറ്റിലപ്പിള്ളി, റോജി എം.ജോൺ, മേയർ എം.കെ.വർഗീസ്, ഡെപ്യൂട്ടി മേയർ എം.എൽ.റോസി, മുൻ എം.പി രമ്യ ഹരിദാസ്, കോർപറേഷൻ പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ തുടങ്ങിയവർ ഇന്നലെ

അന്ത്യോപചാരമർപ്പിച്ചു.

രണ്ടാംഘട്ട

ശുശ്രൂഷ ഇന്ന്

ഇന്ന് രാവിലെ 9.30 വരെ ലൂർദ് കത്തീഡ്രൽ ദേവാലയത്തിൽ മാർ ജേക്കബ് തൂങ്കുഴിയുടെ ഭൗതികദേഹം പൊതുദർശനത്തിന് വയ്ക്കും. 9.30ന് സംസ്‌കാര ശുശ്രൂഷയുടെ രണ്ടാം ഘട്ടത്തിന് സീറോ മലബാർ സഭ മുൻ മേജർ ആർച്ച്ബിഷപ് മാർ ജോർജ് ആലഞ്ചേരി കാർമികത്വം വഹിക്കും. പത്തിന് വിശുദ്ധ കുർബാനയ്ക്ക് മാർ ആൻഡ്രൂസ് താഴത്ത്, തൂങ്കുഴി പിതാവിനെ അനുസ്മരിക്കും. തുടർന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിലിന്റെ മുഖ്യകാർമ്മികത്വത്തിൽ കുർബാനയോടെ സംസ്‌കാര ശുശ്രൂഷയുടെ മൂന്നാംഘട്ടം നടത്തും.
ഉച്ചയ്ക്ക് ഒന്നിന് ഭൗതികശരീരം കോഴിക്കോട് സെന്റ് ജോസഫ്‌സ് ദേവഗിരി പള്ളിയിലെത്തിച്ച് താമരശേരി രൂപതാദ്ധ്യക്ഷൻ മാർ റെമിജിയൂസ് ഇഞ്ചിനാനിയിലിന്റെ കാർമ്മികത്വത്തിലുള്ള പ്രാർത്ഥനയ്ക്ക് ശേഷം പൊതു ദർശനത്തിന് വയ്ക്കും. തുടർന്ന് കോഴിക്കോട് കോട്ടുളിയിൽ ക്രിസ്തുദാസി സന്യാസിനീ സമൂഹത്തിന്റെ ഹോം ഒഫ് ജനറലേറ്റിൽ സംസ്‌കാര ശുശ്രൂഷയുടെ സമാപന കർമം .