തൃശൂർ : കോർപറേഷൻ സ്റ്റേഡിയവും ഫുട്ബാൾ ഗ്രൗണ്ടും അന്താരാഷ്ട്ര മത്സരങ്ങൾക്ക് അനുയോജ്യമായി ആധുനിക രീതിയിൽ നവീകരിക്കുന്നതിന് യൂണിഫൈഡ് ഫുട്ബാൾ സ്പോർട്സ് ഡെവലപ്മെന്റ് പ്രൈവറ്റ് ലിമിറ്റഡിന് (സൂപ്പർ ലീഗ് കേരള) അഞ്ച് വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിൽ നൽകാൻ കൗൺസിൽ തീരുമാനം. ഫുട്ബാൾ മൈതാനം പുതുക്കിപ്പണിയും. 106 മീറ്റർ നീളത്തിലും 70 മീറ്റർ വീതിയിലും മൈതാനം പുനരുദ്ധരിക്കും. പ്രതിപക്ഷം ആശങ്ക അറിയിച്ചെങ്കിലും സ്റ്റേഡിയം കരാർ അടിസ്ഥാനത്തിൽ മാത്രമാണ് കൈമാറുന്നതെന്ന് മേയർ എം.കെ.വർഗീസ് അറിയിച്ചതോടെ ഒച്ചപ്പാടില്ലാതെ യോഗം അജണ്ടയ്ക്ക് അംഗീകാരം നൽകി.
ബഡ്ജറ്റിൽ പ്രഖ്യാപിച്ച വാർഷിക പദ്ധതികൾ വായ്പയിൽ ഉൾപ്പെടുത്തുന്നത് മൂലം നിർമ്മാണ പ്രവർത്തനം ഏറ്റെടുക്കാൻ കരാറുകാർ തയ്യാറാകുന്നില്ലെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ബഡായി ബഡ്ജറ്റ് അവതരിപ്പിച്ച് പദ്ധതികൾ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് ലോണെടുത്ത് നടത്തുന്നെന്ന പേരിൽ ഡി.പി.സി.യിൽ നിന്ന് അംഗീകാരം വാങ്ങി റസിഡന്റ്‌സ് അസോസിയേഷനുകളേയും അയൽക്കൂട്ടങ്ങളേയും കൗൺസിലർമാരേയും കബളിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ ചൂണ്ടിക്കാട്ടി. പ്രഖ്യാപിത പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മേയർ എം.കെ.വർഗീസും വർഗീസ് കണ്ടംകുളത്തിയും പറഞ്ഞു. കുരിയച്ചിറയിലെ ഒ.ഡബ്‌ളിയു.സി പ്ലാന്റ് മെയിന്റനൻസുമായി ബന്ധപ്പെട്ട വിഷയത്തിൽ ഭരണ സമിതി മോണിറ്ററിംഗ് കമ്മിറ്റിയെ നോക്കുകുത്തിയാക്കിയതായി സിന്ധു ആന്റോ ചാക്കോള ആരോപിച്ചു. ജോൺ ഡാനിയൽ, ജയപ്രകാശ് പുവ്വത്തിങ്കൽ, രാഹുൽനാഥ്, ലാലി ജയിസ്, കെ.രാമനാഥൻ, സതീഷ് ചന്ദ്രൻ, അനീസ് അഹമ്മദ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
നടുത്തളത്തിൽ കിടന്ന് ലാലി ജയിംസ്
കാര്യാട്ടുകര ഡിവിഷനിലെ റോഡ് നിർമ്മാണം നിർത്തിവയ്പ്പിച്ചതിന് പിന്നിൽ രാഷ്ടീയ ദുഷ്ടലാക്കുണ്ടെന്ന് ആരോപിച്ച് ലാലി ജയിംസ് നടുത്തളത്തിൽ കിടന്ന് പ്രതിഷേധിച്ചു. തിരഞ്ഞെടുപ്പ് അടുത്തതോടെ പ്രതിപക്ഷ കൗൺസിലർമാരുടെ ഡിവിഷനുകളിൽ വികസനം മുടങ്ങിക്കിടക്കുകയാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ലാലി ജയിംസ് പറഞ്ഞു.
എട്ട് ലൈൻ ട്രാക്കിന് യാതൊരു കോട്ടവും വരുത്തില്ല. സമീപ പ്രദേശങ്ങളിലെ കുട്ടികൾക്ക് പ്രാക്ടീസ് ചെയ്യുന്നതിനും മത്സരം നടത്തുന്നതിനും തടസമില്ലാതെയാകും നവീകരണം.
-എം.കെ.വർഗീസ് (കോർപറേഷൻ മേയർ)