1
1

ചെറുതുരുത്തി : ആവേശത്തിന്റെ തുഴയെറിഞ്ഞ്, ഭാരതപ്പുഴയിൽ നടന്ന വള്ളംകളി. കയാക്കിംഗ് മത്സരവും, ചെറുവള്ളങ്ങളുടെ മത്സരവുമായിരുന്നു പ്രധാന ആകർഷണം. നിള ബോട്ട് ക്ലബ്ബിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചാണ് വള്ളംകളി സംഘടിപ്പിച്ചത്.

കയാക്കിംഗ് വള്ളംകളിക്ക് 17 ഓളം ടീമും ചെറുവള്ളംകളിക്ക് എട്ടോളം ടീമുമാണ് പങ്കെടുത്തത്. കയാക്കിംഗ് മത്സരത്തിന് കണ്ണൂരിൽ നിന്നുമെത്തിയ സഹോദരങ്ങളായ മൂന്ന് വയസുകാരൻ സബാഹും, വനിതാ സാന്നിദ്ധ്യമായി സ്വാലിഹയും ഗംഭീരപ്രകടനമാണ് കാഴ്ചവച്ചത്. നൂറുകണക്കിന് ആളുകളാണ് ഭാരതപ്പുഴയുടെ ഇരുകരകളിലും കൊച്ചിൻ പാലത്തിന് മുകളിലുമായി നിലയുറപ്പിച്ചത്. തുഴയുടെ താളത്തിൽ ഒത്ത് കൈയടിച്ചും ആർപ്പ് വിളിച്ചും വള്ളംകളി ആസ്വദിച്ചു.

കയാക്കിംഗ് വള്ളംകളിയിൽ ഉത്തർപ്രദേശിൽ നിന്നുള്ള അമർ സിംഗ് ഒന്നാം സ്ഥാനവും അർജുൻ സിംഗ് രണ്ടാം സ്ഥാനവും നേടി. എറണാകുളത്ത് നിന്നുമെത്തിയ ആന്റണി മൂന്നാം സ്ഥാനം നേടി. ചെറുവള്ളങ്ങളുടെ മത്സരത്തിൽ കല്ലുകടവ് ജിബി തട്ടകൻ ബോട്ട് ക്ലബ് ഒന്നാം സ്ഥാനം നേടി. കറുകമാട് ഫജിനി കമാൻഡോസ് രണ്ടാം സ്ഥാനവും, തൈക്കാവ് ചെറിയ പണ്ഡിതൻ ബോട്ട് ക്ലബ്ബ് മൂന്ന് സ്ഥാനവും നേടി.

ചലഞ്ചർ സ്വാലിഹയും അനുജന്റെ ശീർഷാസനവും

ശ്രദ്ധേയമായ പ്രകടനമാണ് കണ്ണൂർ ഇന്ദിരാഗാന്ധി ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ ഡിഗ്രി വിദ്യാർത്ഥിനി സ്വാലിഹ കാഴ്ചവച്ചത്. അഞ്ചാം ക്ലാസ് മുതൽ കയാക്കിംഗ് പരിശീലന രംഗത്തുണ്ട്. അഞ്ചാം ക്ലാസിലെ സി.ബി.എസ്.ഇ പാഠപുസ്തകത്തിൽ ചലഞ്ചർ എന്ന തലക്കെട്ടോടെ സ്വാലിഹയുടെ സാഹസങ്ങൾ പഠന വിഷയമായിട്ടുണ്ട്. ഭിന്നശേഷിക്കാരനായ അച്ഛൻ കയാക്കിംഗ് ചെയ്യുന്നത് കണ്ടാണ് രംഗത്തിറങ്ങുന്നത്. വേൾഡ് വാട്ടർ കയാക്കിംഗ് ഫെസ്റ്റിവലിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കാനൊരുങ്ങുകയാണ് സ്വാലിഹ. സ്വാലിഹയ്ക്ക് പിറകെ അനുജൻ സബാഹും കയാക്കിംഗ് രംഗത്തുണ്ട്. കയാക്കിംഗ് വള്ളത്തിൽ ശീർഷാസനം ചെയ്താണ് സബാഹ് കാണികളെ കൈയിലെടുത്തത്.

അടുത്തവർഷം കൂടുതൽ ടീമുകളെ പങ്കെടുപ്പിച്ച് വിപുലമായ പരിപാടികളോടെ വള്ളംകളി നടത്തും.

ശിവശങ്കരൻ

മാനേജിംഗ് ഡയറക്ടർ

നിള ബോട്ട് ക്ലബ്