കൊടുങ്ങല്ലൂർ : ലോകമലേശ്വരം ശാഖയുടെ നേതൃത്വത്തിൽ സമാധിദിനത്തിൽ ശാഖാ പ്രസിഡന്റ് ഗിരീഷ് ശാന്തിയുടെ നേതൃത്വത്തിൽ ഗുരുപൂജയും ഗുരുദേവ കീർത്തനാലാപനവും നടന്നു. ശാഖാ സെക്രട്ടറി എൻ.ബി.അജിതൻ സമാധി ആചരണം ഉദ്ഘാടനം ചെയ്തു. കൂടൽമാണിക്യത്ത് കളഭം മുടക്കിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഈഴവനായ ബാലുവിനെ കഴകം ജീവനക്കാരനായി നിയമിച്ചത് മുതൽ തുടങ്ങിയ ബ്രാഹ്മണ തന്ത്രിമാരുടെ അസ്വസ്ഥത ആധുനിക സമൂഹത്തിന് നിരക്കുന്നതല്ല. സകല മനുഷ്യരും ഒരു ജാതിയാണെന്ന ശ്രീനാരായണ മാനവധർമ്മത്തിന്റെ മൂല്യം ഉയർത്തിപ്പിടിച്ചു വേണം സർവരും സോദരത്വേന വാഴുന്ന ഒരു നാടിനെ വാർത്തെടുക്കാനെന്നും യോഗം ഉദ്ഘാടനം ചെയ്ത് അദ്ദേഹം ഓർമ്മിപ്പിച്ചു. ശാഖാ വൈസ് പ്രസിഡന്റ് സീത മണത്തറ, സ്വാഗത സംഘം കൺവീനർ വിനോദ് രാമൻകുളത്ത്, ശിവൻ തൈത്തറ, ജലജ ബാബു, പ്രഭ കോവിൽപറമ്പിൽ, തങ്കമ്മ ടീച്ചർ, സത്യൻ കളപ്പാട്ട് തുടങ്ങിയവർ നേതൃത്വം നൽകി.