kaumudi

തൃശൂർ : കോർപറേഷൻ സ്റ്റേഡിയത്തിൽ സിന്തറ്റിക്ക് ട്രാക്ക് നിർമ്മാണം അനിശ്ചിതമായി നീളുകയും അതിനിടെ സൂപ്പർ ലീഗ് കേരളയ്ക്ക് ഫുട്ബാൾ കളിക്ക് ടർഫ് നവീകരിക്കാൻ വിട്ടുനൽകാനും തീരുമാനിച്ചതോടെ അത്‌ലറ്റിക്‌സുകളുടെ വാതിൽ കൊട്ടിയടക്കപ്പെടുമെന്ന് ആശങ്ക. നഗരം കേന്ദ്രീകരിച്ച് സിന്തറ്റിക് ട്രാക്കില്ലാത്തതിന്റെ അഭാവത്തിൽ അത്‌ലറ്റിക് രംഗത്ത് പ്രവർത്തിക്കുന്ന കായിക താരങ്ങൾ തെല്ലൊന്നുമല്ല ദുരിതം അനുഭവിക്കുന്നത്. മിക്കവരും കുന്നംകുളം ബോയ്‌സ് സ്‌കൂളിലെ ഗ്രൗണ്ടിലെത്തിയാണ് പരിശീലനം നടത്തുന്നത്. യാത്രാഭക്ഷണ ചെലവിന് പുറമേ യാത്രാക്ഷീണവും കൂടിയാകുമ്പോൾ അത് താരങ്ങളുടെ പ്രകടനത്തെപോലും ബാധിക്കുന്നു. അറുപതോളം അത്‌ലറ്റിക് ക്ലബ്ബുകൾ രജിസ്റ്റർ ചെയ്ത ജില്ലയിൽ 54 എണ്ണം സജീവമാണ്. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 1800 ഓളം താരങ്ങളുണ്ട്.

പലയിടത്തും പേരിന് പോലും കായികാദ്ധ്യാപകരില്ല
സർക്കാർ തലത്തിൽ ഹയർ സെക്കൻഡറി മേഖലയിൽ പേരിന് പോലും കായികാദ്ധ്യാപകരില്ല. ഹൈസ്‌കൂളിലെ കായികാദ്ധ്യാപകരാണ് പലയിടത്തും ഹയർ സെക്കൻഡറിയിലെ കായിക താരങ്ങളെ പരിശീലിപ്പിക്കുന്നത്. ദേശീയതലത്തിൽ 17 വയസിനും 19 വയസിനും താഴെയുള്ളവർക്കാണ് മത്സരം. മികച്ച രീതിയിൽ പരിശീലനം ലഭിച്ചാലേ മികവ് പുലർത്താനാകൂ. കേന്ദ്ര സർക്കാരിന്റെ നിർദ്ദേശ പ്രകാരം 250 കുട്ടികൾക്ക് ഒരു കായിക അദ്ധ്യാപകൻ വേണമെന്നാണ് നിർദ്ദേശം. എന്നാൽ കേരളത്തിൽ 80 ശതമാനം സ്‌കൂളിലും കായികാദ്ധ്യാപകർ ഇല്ല.

മികച്ച താരങ്ങൾ കുറയുന്നു
തൃശൂരിൽ നിന്ന് മികച്ച കായിക താരങ്ങൾ ഉയർന്ന് വരാത്തത് അടിസ്ഥാന സൗകര്യം ഇല്ലാത്തത് തന്നെയാണെന്ന് മുൻകാല കായിക താരങ്ങൾ അഭിപ്രായപ്പെടുന്നു. സായിയുടെ അത്‌ലറ്റിക്‌സ് സെന്റർ വരെ നിറുത്തലാക്കിയിരുന്നു. രാജ്യത്തിന് വേണ്ടി നേട്ടങ്ങൾ കൊയ്ത ആൻസി സോജനെ പോലുള്ളവർ ജോലി പ്രവേശിച്ചു കഴിഞ്ഞു. ജൂനിയർ താരങ്ങൾ വളർന്ന് വരണമെങ്കിൽ തഴേത്തട്ടിൽ നിന്നുള്ള പരിശീലന സൗകര്യം വേണമെന്ന ആവശ്യമാണ് ഉയരുന്നത്.

സിന്തറ്റിക് ട്രാക്കിന്റെ ഇടം കളയരുത്
സ്റ്റാൻഡേഡ് സിന്തറ്റിക് ട്രാക്ക് സ്ഥാപിക്കാൻ ആവശ്യമായ ഇടം മാജിക് എഫ്.സി ഫുട്ബാൾ മൈതാനം ഒരുക്കാൻ നൽകുന്നതിലൂടെ നഷ്ടമാകുന്നു. ഇതുമൂലം ഖെലോ ഇന്ത്യ സഹായം നഷ്ടമാകാനുള്ള സാദ്ധ്യതയുണ്ടെന്നും ജില്ലാ അത്‌ലറ്റിക്‌സ് അസോസിയേഷൻ ഭാരവാഹികളായ പ്രൊഫ.ഇ.യു.രാജൻ, ഡോ.കെ.എസ്.ഹരിദയാൽ, ഡോ.ഹേമലത,പി.എൻ.നാരായണൻ നമ്പൂതിരി എന്നിവർ പറഞ്ഞു. ഖേലോ ഇന്ത്യയുടെ അന്തിമ ടെക്‌നിക്കൽ അംഗീകാരം, സെറ്റ് മാർക്കിംഗ്, അലൈൻമെന്റ് റിപ്പോർട്ട് എന്നിവ പൂർത്തിയാകുന്നത് വരെ ടർഫ് വിപുലീകരണത്തിന് താത്കാലിക വിലക്ക് എർപ്പെടുത്തണമെന്നും അവർ ആവശ്യപ്പെട്ടു.