അന്തിക്കാട്: ഒന്നര മാസക്കാലം കോൺക്രീറ്റിംഗ് ജോലികൾക്കും മറ്റ് അറ്റകുറ്റപ്പണികൾക്കുമായി അടച്ചിട്ട മണലൂർ പഞ്ചായത്തിന്റെ കാഞ്ഞാണിയിലെ ബസ് സ്റ്റാൻഡ് തുറന്നെങ്കിലും ഇവിടെയെത്തുന്ന വാഹങ്ങൾക്കും യാത്രക്കാർക്കും ദുരിതം അവസാനിക്കുന്നില്ല. തൃശൂർ ഭാഗത്തേക്കുള്ള ബസിൽ കയറാൻ നിൽക്കുന്നവരും ഇറങ്ങി വരുന്നവരും ശ്രദ്ധിച്ചില്ലെങ്കിൽ അപകടത്തിൽപ്പെടും. രണ്ടു ട്രാക്കുകൾക്കും ഇടയിൽ യാത്രക്കാർക്ക് നിൽക്കാനുള്ള ഭാഗത്ത് ടൈലുകൾ ഇളകിപ്പോയതിനാൽ കാൽ തെന്നിവീഴാൻ സാദ്ധ്യത ഏറെയാണ്. സ്റ്റാൻഡിനുള്ളിൽ വർഷങ്ങൾക്ക് മുൻപ് അശാസ്ത്രീയമായ രീതിയിൽ സ്ഥാപിച്ച ഹമ്പിന്റെ ഭാഗങ്ങൾ പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. ബസുകൾ വന്നുകയറുന്ന ഭാഗത്തും കുറെ പ്രദേശം തകർന്നാണ് കിടക്കുന്നത്. സ്റ്റാൻഡിലെ മേൽക്കൂര ചോർന്നൊലിക്കുന്നതാണ്. മഴ പെയ്താൽ കുടചൂടി വേണം ബസ് കാത്തുനിൽക്കാൻ. രാത്രിയിൽ വെളിച്ചം കിട്ടാനായി സ്ഥാപിച്ച ട്യൂബ് ലൈറ്റുകൾ പൊട്ടി തൂങ്ങിക്കിടക്കുകയാണ്. ഒന്നര മാസം കോൺക്രീറ്റിംഗ് ജോലികൾക്കായി സ്റ്റാൻഡ് അടച്ചിട്ടെങ്കിലും നിലവിൽ ഉണ്ടായിരുന്ന ചെറിയ കുഴികൾ അടക്കാൻ പോലും ആരും മിനക്കെട്ടില്ല. ഇതു കാരണം പുതിയതായി കോൺക്രീറ്റ് ചെയ്ത ഭാഗവും പഴയ പൊട്ടിപ്പൊളിഞ്ഞ റോഡും തമ്മിൽ ചേരുന്ന ഭാഗങ്ങൾ വാഹങ്ങൾ പോകുമ്പോൾ കൂടുതൽ തകരും. ഫലത്തിൽ കോൺക്രീറ്റ് ചെയ്ത ബസ് സ്റ്റാൻഡിനകം പെട്ടെന്നു തന്നെ തകരാൻ സാധ്യതയുണ്ടെന്ന് യാത്രക്കാർ പറയുന്നു.