പാവറട്ടി: അപേക്ഷ നൽകി രണ്ട് വർഷം കഴിഞ്ഞിട്ടും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് വൈദ്യുതി കണക്്ഷൻ ലഭിക്കാതിരുന്ന വെങ്കിടങ്ങ് പഞ്ചായത്തിലെ തൊയക്കാവ് തയ്യിൽ നളിനിയുടെ വീട്ടിൽ ഒടുവിൽ വൈദ്യുതിയെത്തി. മുസ്്‌ലിം ലീഗ് വെങ്കിടങ്ങ് പഞ്ചായത്ത് കമ്മിറ്റി പ്രശ്‌നത്തിൽ ഇടപെടുകയും കെ.എസ്.ഇ.ബി എക്‌സിക്യുട്ടീവ് എൻജിനിയർക്ക് പരാതി നൽകുകയും കറന്റ് ലഭിക്കാനാവശ്യമായ സംവിധാനങ്ങൾ നളിനിയുടെ വീട്ടിൽ ചെയ്ത് നൽകുകയുമായിരുന്നു. ചുമർ സിമന്റ് തേയ്ക്കാത്തതിനാൽ വെള്ളം നനഞ്ഞേക്കാമെന്ന് പറഞ്ഞാണ് വൈദ്യുതി കണക്്ഷൻ അനുവദിക്കാതിരുന്നത്. സാങ്കേതികത്വം പറഞ്ഞ് നളിനിക്ക് വൈദ്യുതി കണക്്ഷൻ നൽകാത്തതിനെപ്പറ്റി കഴിഞ്ഞ ദിവസം കേരളകൗമുദി വാർത്ത നൽകിയിരുന്നു. മുസ്്‌ലിം ലീഗ് വെങ്കിടങ്ങ് പഞ്ചായത്ത് കമ്മിറ്റി പ്രവർത്തകർ രണ്ട് ദിവസം കൊണ്ട് വീടിന്റെ ചുമർ സിമന്റ് തേച്ച് നൽകി. സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിക്കപ്പെട്ടതോടെ തിങ്കളാഴ്ച രാത്രിയോടെ നളിനിയുടെ വീട്ടിൽ വൈദ്യുതിയെത്തി. മുസ്്‌ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം എ.എസ്.എം.അസ്ഗർ അലി തങ്ങൾ, വെങ്കിടങ്ങ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.എം.മുഹ്‌സിൻ, അബ്ദു റഊഫ് ഹാജി, കെ.എച്ച്.കമറുദ്ധീൻ, അഷറഫ് റസാഖിയ, പി.യു.മുനീർ എന്നിവർ നളിനിയുടെ വീട്ടിലെത്തി മധുര പലഹാരങ്ങൾ വിതരണം ചെയ്തു. നളിനിയും മകൻ സന്തോഷും എല്ലാവരോടും നന്ദി പറഞ്ഞു.