
കൊടുങ്ങല്ലൂർ : നവരാത്രി ആഘോഷത്തോട് അനുബന്ധിച്ച് ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മണ്ഡപത്തിൽ വീരശൃംഖല ജേതാവ് കാവിൽ ഉണ്ണിക്കൃഷ്ണ വാരിയരും ശിഷ്യരും ചേർന്നവതരിപ്പിച്ച സോപാന സംഗീതാർച്ചന വേറിട്ട അനുഭവമായി. കാവിൽ ഉണ്ണിക്കൃഷ്ണ വാര്യരുടെ കീഴിൽ പല വർഷങ്ങളിലായി സോപാനസംഗീതം അഭ്യസിച്ച ശിഷ്യന്മാർ ആശാനോടൊപ്പം കൊട്ടിപ്പാടിയപ്പോൾ ഭക്തജന ഹൃദയങ്ങളിൽ പുതിയൊരനുഭൂതിയായി.ഒരു മണിക്കൂറോളം നീണ്ട സോപാന സംഗീതാർച്ചന ആസ്വദിക്കാൻ വന്ന ഭക്തജനത്തിരക്ക് സോപാന സംഗീത ആസ്വാദനത്തിന്റെ കാലാനുസൃതമായ വളർച്ചയെ വിളിച്ചോതുന്നതായിരുന്നു. വരും വർഷങ്ങളിൽ കൂടുതൽ ശിഷ്യരുമൊത്ത് കൊട്ടിപ്പാടാൻ ശ്രീ കൊടുങ്ങല്ലൂരമ്മ അനുഗ്രഹിക്കട്ടെയെന്ന് കാവിൽ ഉണ്ണിക്കൃഷ്ണവാരിയർ പ്രത്യാശ പ്രകടിപ്പിച്ചു. സംഗീതാർച്ചനയിൽ പങ്കെടുത്ത ശിഷ്യർക്ക് എന്തെന്നില്ലാത്തൊരു ആത്മനിർവൃതി പ്രകടമായിരുന്നു.