ചാവക്കാട്: ദേശീയപാത നിർമ്മാണ പ്രവർത്തനങ്ങൾക്കെന്ന പേരിൽ ചേറ്റുവ പുഴയിൽ നിന്നും യന്ത്രങ്ങൾ ഉപയോഗിച്ച് മണലെടുക്കുന്നു. എത്ര ആഴത്തിലാണ് മണലൂറ്റുന്നത് എന്നോ ഏതെല്ലാം മോട്ടോർ ഉപയോഗിച്ചാണ് ഡ്രഡ്ജിംഗ് നടത്തുന്നത് എന്നോ പരിശോധനയോ പഠനമോ നടത്താതെയാണ് മണലൂറ്റെന്ന് പ്രദേശവാസികൾ പരാതിപ്പെടുന്നു. കണക്കില്ലാതെ മണലൂറ്റുന്നതിനാൽ പുഴയുടെ സംരക്ഷണ ഭിത്തി ഉൾപ്പെടെ ഇടിഞ്ഞുവീഴാനും പ്രദേശത്തെ വീടുകൾക്ക് അപകടമുണ്ടാകാനും സാദ്ധ്യതയേറെയാണെന്നും ആശങ്ക.
കൂടാതെ ഡ്രഡ്ജിംഗ് നടത്തി വെള്ളവും മണലും ചളിയും സമീപ പ്രദേശത്തെ പറമ്പിൽ വലിയരീതിയിൽ കുളം പോലെ കുഴി ഉണ്ടാക്കി അതിലേക്ക് പമ്പ് ചെയ്യുകയാണ്. ഇതോടെ, വരുംദിവസങ്ങളിൽ കടലിൽ നിന്നും ഉപ്പുവെള്ളം പുഴയിലേക്ക് ഒഴുകിയെത്തുകയും പുഴയിൽ ഉപ്പുവെള്ളം നിറയുകയും ചെയ്യും. പുഴയിലെ വെള്ളം ഉപ്പുവെള്ളമാകുന്നതോടെ സമീപപ്രദേശത്തുള്ള ശുദ്ധജല സ്രോതസുകളിലും ഉപ്പുവെള്ളമാകും. പറമ്പുകളിലെ കുഴികളിലും ഉപ്പുവെള്ളം നിറയും. കുടിവെള്ള സ്രോതസുകളിലേക്കും മറ്റ് കൃഷിയിടങ്ങളിലേക്കും ഉപ്പുവെള്ളം പടരും. യാതൊരുവിധ നിയന്ത്രണങ്ങളോ മറ്റ് പരിശോധനകളോ ഇല്ലാതെയാണ് ചേറ്റുവാപ്പുഴയിൽ പല ഭാഗങ്ങളിലായുള്ള ഈ ഡ്രഡ്ജിംഗ്.
ചേറ്റുവ പുഴയുടെ സംരക്ഷണ ഭിത്തിക്കും, തീരദേശ റോഡിനും ഭീഷണിയാണ് ഈ പ്രവർത്തനം. പുഴയിൽ നിന്ന് ശേഖരിച്ച മണലുമായി ദിനംപ്രതി രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഭാരമേറിയ നൂറുകണക്കിന് വലിയ ടോറസ് വാഹനങ്ങളാണ് തീരദേശറോഡിലൂടെ കടന്നുപോകുന്നത്. തീരദേശ റോഡിന് സമീപം താമസിക്കുന്നവരുടെ വീടുകൾക്കും വിള്ളലുണ്ടായി. ഇതുസംബന്ധിച്ച വിഷയങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി, ജല വിഭവ വകുപ്പ് മന്ത്രി, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി, കളക്ടർ എന്നിവർക്ക് സാമൂഹികപ്രവർത്തകൻ ലത്തീഫ് കെട്ടുമ്മൽ പരാതി നൽകി.
പുഴയിലേക്ക് ഉപ്പ് വെള്ളം കയറുന്നതിന് മുന്നേ ഡ്രഡ്ജിംഗ് നിറുത്തിവയ്ക്കാനായുള്ള നടപടി സ്വീകരിക്കണം. തീരദേശ മേഖലയിലെ വീടുകൾക്ക് സംഭവിച്ചിട്ടുള്ള നാശനഷ്ടങ്ങൾക്ക് വേണ്ട പരിഹാരം കാണണം. പ്രദേശം വകുപ്പുതല ഉദ്യോഗസ്ഥർ അടിയന്തരമായി പരിശോധന നടത്തണം.
ലത്തീഫ് കെട്ടുമ്മൽ
സാമൂഹികപ്രവർത്തകൻ.