kuruku
ഇന്നലെഅനുഭവപെട്ടഗതാഗതക്കുരുക്ക് ആമ്പല്ലൂരില്‍നിന്നുംപുതുക്കാട്വരെയെത്തിയനിലയില്‍

ചാലക്കുടി/പുതുക്കാട്: പാലിയേക്കര ടോൾ പിരിവിൽ ഹൈക്കോടതിയുടെ നിർണായക തീരുമാനം ഇന്ന് വരാനിരിക്കേ, ഗതാഗതക്കുരുക്കിലും സുരക്ഷാഭീഷണിയിലും ദേശീയപാത. തിങ്കളാഴ്ച പുലർച്ചെ മുരിങ്ങൂർ അടിപ്പാത നിർമ്മാണ പ്രദേശം മണ്ണിടിഞ്ഞ് സർവീസ് റോഡ് തകർന്ന ഭാഗത്ത് അടിയന്തര അറ്റകുറ്റപ്പണി നടത്തിയെങ്കിലും പൂർണ്ണമായ സുരക്ഷ ഒരുക്കാനായിട്ടില്ല. മേൽപ്പാത നിർമ്മാണത്തിനായി റോഡിന്റെ അടിത്തറ കോരുന്ന പണി ആരംഭിച്ചതോടെ റോഡിന്റെ വീതി കുറഞ്ഞ് ആമ്പല്ലൂർ ജംഗ്ഷനും ഗതാഗതക്കുരുക്കിലാണ്. മുരിങ്ങൂരിൽ സംരക്ഷണ ഭിത്തി നിർമ്മാണത്തിന്റെ അടിത്തറയ്ക്കായി കുഴിച്ച ഭാഗത്ത് 20 മീറ്റർ നീളത്തിലാണ് മണ്ണിടിഞ്ഞത്. ഇതോടെ സർവീസ് റോഡിന്റെ ഒരറ്റം തകർന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു തിങ്കളാഴ്ച കേസ് പരിഗണിച്ച ഹൈക്കോടതി, ടോൾ പിരിവ് സ്റ്റേ വ്യാഴാഴ്ച വരെ തുടരാൻ നിർദ്ദേശിച്ചത്. ഇതിനിടയിൽ മണ്ണിടിഞ്ഞ അടിഭാഗത്ത് കോൺക്രീറ്റ് ചെയ്തിട്ടുണ്ട്. എങ്കിലും മുന്നൂറോളം മീറ്റർ നീളത്തിൽ ഭീഷണി നിലനിൽക്കുകയാണ്. മഴ തുടരുന്നതാണ് കൂടുതൽ പ്രശ്‌നം സൃഷ്ടിക്കുന്നത്. ഇതിനിടെ ഗതാഗതസ്തംഭനം തുടർന്നു. എറണാകുളം തൃശൂർ റൂട്ടിലാണ് മണ്ണിടിഞ്ഞത്. അന്നുമുതൽ ആരംഭിച്ച ഗതാഗതക്കുരുക്ക് ഇപ്പോഴും തുടരുകയാണ്.

എന്ന് തീരും ദുരിതം

മുരിങ്ങൂർ ജംഗ്ഷനിൽ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ പൊലീസും ഹോം ഗാർഡും സജീവമാണെങ്കിലും കുരുക്ക് നീളുകയാണ്. വേണ്ടത്ര സുരക്ഷയില്ലാതെ, ഏഴടിയോളം ആഴമുള്ള കാനയുടെ അരികിലൂടെ ആയിരക്കണക്കിന് വാഹനങ്ങളാണ് കടത്തിവിടുന്നത്. ചെറിയ അശ്രദ്ധ അപകടങ്ങൾക്ക് കാരണമാകും. ഇത്തരം പ്രതിസന്ധി പരിഗണിച്ച് വാഹനങ്ങൾ വേഗത കുറച്ചാണ് സഞ്ചരിക്കുന്നത്. ഇതോടെ കുരുക്ക് മുറുകും.

ആമ്പല്ലൂരിലെ ദുരിതത്തിന് ഒരാണ്ട്

ആമ്പല്ലൂർ: അടിപ്പാത നിർമ്മാണം നടക്കുന്ന ആമ്പല്ലൂരിലെ ദുരിതത്തിന് ഇന്നലെ ഒരാണ്ട്. മേൽപ്പാത നിർമ്മാണത്തിന് റോഡിന്റെ അടിത്തറ കോരുന്ന പണി ആരംഭിച്ചതോടെ സുരക്ഷയ്ക്കായി സർവീസ് റോഡിൽ ഡ്രമ്മുകൾ നിരത്തിയിരിക്കുകയാണ്. ഇതോടെ റോഡിന്റെ വീതി കുറഞ്ഞതാണ് കുരുക്ക് രൂക്ഷമാകാൻ കാരണം. തൃശൂർ ഭാഗത്തേക്കുള്ള വാഹന നിര ഇന്നലെ പുതുക്കാട് സിഗ്‌നൽ ജംഗ്ഷൻ കഴിഞ്ഞും നീണ്ടു.

വീണ്ടും ഗർത്തം

മുരിങ്ങൂരിൽ അടിപ്പാത നിർമ്മാണത്തിനിടെ മണ്ണിടിച്ചിലുണ്ടായ ഭാഗത്ത് വീണ്ടും ഗർത്തം. ഇന്നലെ പുലർച്ചെയാണ് റോഡിന് നടുവിൽ മണ്ണിടിഞ്ഞ് കുഴി രൂപപ്പെട്ടത്. തുടർന്ന് ഹോം ഗാർഡുകളും തൊഴിലാളികളും രാവിലെ 10 മണിയോടെ കുഴിയടച്ച് ഇതിന് മുകളിൽ ടാറിംഗ് നടത്തി.