ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സ്വദേശിനി തൊണ്ണൂറ്റിയൊന്നുകാരിയുടെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികാതിക്രമം നടത്തി സ്വർണമാല കവർന്ന കേസിലെ പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവും 15 വർഷം കഠിനതടവും 1.35 ലക്ഷം പിഴയും ശിക്ഷ. ആലത്തൂർ കിഴക്കഞ്ചേരി കണ്ണംകുളം വിജയകുമാർ (40) എന്ന ബിജുവിനെയാണ് കോടതി ശിക്ഷിച്ചത്.
ഇരിങ്ങാലക്കുട അതിവേഗ സ്‌പെഷ്യൽ കോടതി ജഡ്ജ് വി.വി.സേതുമോഹനാണ് വിധി പ്രസ്താവിച്ചത്. 2022 ആഗസ്റ്റ് മൂന്നിന് വീട്ടിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന വൃദ്ധയെ പീഡിപ്പിക്കുകയും കഴുത്തിൽ അണിഞ്ഞിരുന്ന രണ്ടര പവനോളം തൂക്കം വരുന്ന സ്വർണമാല കവരുകയുമായിരുന്നു. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 29 സാക്ഷികളെയും 52 രേഖകളും 21 തൊണ്ടിവസ്തുക്കളും ഹാജരാക്കി തെളിവ് നൽകിയിരുന്നു. ഇരിങ്ങാലക്കുട എസ്.ഐയായിരുന്ന അനീഷ് കരീമാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. അതിജീവിത എട്ട് മാസത്തിനകം മരിച്ചു. സംഭവ സ്ഥലത്തെ സമീപവാസിയുടെ മൊഴിയും പ്രതി സഞ്ചരിച്ചിരുന്ന മോട്ടോർ ബൈക്കും തെളിവായി. പ്രോസിക്യൂഷനായി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.വിജു വാഴക്കാല ഹാജരായി.