തൃശൂർ: എരിഞ്ഞേരി അങ്ങാടിയിലും പുത്തൻപള്ളിക്ക് സമീപവുമുള്ള രണ്ട് സ്വർണക്കടകളിൽ നിന്നും തങ്കക്കട്ടികൾ തിരികെ നൽകാമെന്നേറ്റ് രണ്ടു കിലോയിലധികം സ്വർണാഭരണങ്ങൾ തട്ടിയ കേസിലെ ഒന്നാം പ്രതി അറസ്റ്റിൽ. കടുപ്പശ്ശേരി തൊമ്മാന കോക്കാട്ട് വീട്ടിൽ ആന്റോ (45) ആണ് പിടിയിലായത്. ആന്റോയുടെ ഭാര്യയും മറ്റൊരു പ്രതിയായ ജിക്‌സനും നാലാം പ്രതിയായ സഹോദരിയും ചേർന്നായിരുന്നു കഴിഞ്ഞ വർഷം മാർച്ച് 20നും 25നും തട്ടിപ്പ് നടത്തിയത്.
ചെറിയ തുകയ്ക്കുള്ള സ്വർണാഭരണങ്ങൾ വാങ്ങി പകരം തങ്കക്കട്ടി തിരിച്ചു കൊടുക്കാമെന്ന് സ്വർണവ്യാപ്യാരികളെ വിശ്വസിപ്പിച്ചാണ് എരിഞ്ഞേരി അങ്ങാടിയിലെ സ്ഥാപനത്തിൽ നിന്നും ഒരു കിലോയിൽ താഴേയും പുത്തൻപള്ളിക്കു സമീപം നിന്നും ഒരു കിലോയിലധികവും സ്വർണാഭരണങ്ങൾ കൈക്കലാക്കിയത്. തങ്കക്കട്ടിയും പണിക്കൂലിയും 15 ദിവസത്തിനകം തിരികെ തരാമെന്ന് പറഞ്ഞ് മറ്റൊരു തട്ടിപ്പും പ്രതികൾ നടത്തിയിരുന്നു. മൂന്ന് കേസുകളിലായി നാലര കിലോയോളം സ്വർണമാണ് തട്ടിയെടുത്തത്. രണ്ടും മൂന്നും നാലും പ്രതികളെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
ഹൈക്കോടതി ആന്റോക്ക് ജാമ്യം നിഷേധിച്ചതിനെത്തുടർന്ന് 15 ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകാൻ നിർദ്ദേശിച്ചെങ്കിലും മുങ്ങി നടക്കുകയായിരുന്നു. പ്രതിയെ ബംഗളൂരു സിൽവപുരത്ത് നിന്നാണ് അന്വേഷണസംഘം പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ജില്ലാ പൊലീസ് മേധാവി ആർ.ഇളങ്കോയുടെ ഉത്തരവ് പ്രകാരം തൃശൂർ സിറ്റി ജില്ലാ ക്രൈംബ്രാഞ്ചിന്റെ ചുമതലയുള്ള നാർക്കോട്ടിക് സെൽ എ.സി.പി: ബാബു ഡേവിസ്, സബ് ഇൻസ്‌പെക്ടർമാരായ വി.കെ.സന്തോഷ്, അനിൽ കുമാർ, സജീവൻ, സി.പി.ഒ: സച്ചിൻദേവ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.