
അന്തിക്കാട്: തെരുവ് നായ ആക്രമണത്തിൽ തയ്യൽ കടയുടമയ്ക്ക് പരിക്കേറ്റു. അരിമ്പൂർ നാലാംകല്ലിൽ പ്രവർത്തിക്കുന്ന സ്റ്റൈലോ ടൈലേഴ്‌സ് ഉടമ വെളിയത്ത് വി.വി.കുട്ടനാണ് (70) പരിക്കേറ്റത്. കഴിഞ്ഞ ദിവസം കടയിൽ നിന്നും എഴുത്തച്ഛൻ റോഡിലുള്ള വീട്ടിലേയ്ക്ക് ഉച്ചഭക്ഷണം കഴിക്കാനായി പോയി മടങ്ങി വരവേയാണ് നായ ഓടിച്ചത്. റോഡിൽ വീണ് കൈയ്ക്ക് പരിക്കേറ്റു. അതുവഴി വന്ന ബൈക്ക് യാത്രികനെ കണ്ട് നായ ഓടി മറഞ്ഞു. ഇതോടെ കടിയേൽക്കാതെ രക്ഷപ്പെട്ടു. പരിക്കേറ്റ കുട്ടൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. വലതു കൈയുടെ വിരൽ ഒടിഞ്ഞിട്ടുണ്ട്. കൈ തണ്ടയ്ക്കും നേരിയ ക്ഷതമുണ്ട്. രണ്ടാഴ്ചയിലധികം വെറുതെ ഇരിക്കേണ്ടിവരും. കുട്ടനും ഭാര്യ സരസ്വതിയും ചേർന്നാണ് കട നടത്തുന്നത്.