kplm

കയ്പമംഗലം: കാൽനട യാത്രയും ഗതാഗതവും ദുഷ്‌കരമായ കയ്പ്പമംഗലത്തെ ബീച്ച് റോഡിൽ രൂപപ്പെട്ട വലിയ കുഴികളിൽ വലയെറിഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം. മൂന്നുപീടിക ബീച്ച് റോഡിലെ ഗർത്തങ്ങൾ മൂടി ടൈൽ പാകി സഞ്ചാരയോഗ്യമാക്കുക, പഞ്ചായത്തിന്റെ നിഷ്‌ക്രിയത്വം അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി മൂന്നുപീടികയിലെ ഓട്ടോതൊഴിലാളികൾ നടത്തിയ പ്രതിഷേധപ്രകടനത്തിൽ അണിചേർന്ന നാട്ടുകാരാണ് തൊഴിലാളികൾക്കൊപ്പം പ്രതീകാത്മക വല വീശൽ നടത്തിയത്.

രണ്ട് പഞ്ചായത്തുകളുടെ അതിർത്തികളിലൂടെ കടന്നുപോകുന്ന ഈ റോഡ് കയ്പ്പമംഗലം പഞ്ചായത്തിന്റെ അധീനതയിലാണ്. വർഷങ്ങളായി അറ്റകുറ്റപ്പണി നടത്താതെ തകർന്ന നിലയിലാണ്. ഓട്ടോതൊഴിലാളികളുടെ പ്രതിഷേധപ്രകടനം മൂന്നുപീടികയിൽ നിന്നാരംഭിച്ച് ബീച്ച് റോഡ് വായനശാല പടിഞ്ഞാറ് ഭാഗത്ത് എത്തിയപ്പോഴാണ് വലയെറിയൽ നടന്നത്. സുനി, രമേശ് എന്നിവരാണ് റോഡിലെ വെള്ളക്കെട്ടിൽ വലയെറിഞ്ഞത്. പ്രതിഷേധയോഗം അജയഘോഷ് ഉദ്ഘാടനം ചെയ്തു. രമേശ് ചീരാഞ്ചി, പ്രദോഷ് , സഗീർ രതീഷ്, അസീസ് തുടങ്ങിയവർ സംസാരിച്ചു.