ചാലക്കുടി: നഗരസഭയിൽ കോൺഗ്രസിനെതിരെ വോട്ട് ചോരി ആരോപണവുമായി ബി.ജെ.പി. കോൺഗ്രസ് നേതാക്കൾ മത്സരിക്കാൻ ഉദ്ദേശിക്കുന്ന വാർഡുകളിലെ വോട്ടർ പട്ടികയിൽ ആളുകളെ ചേർത്ത് ഇരട്ട വോട്ടുകൾ സൃഷ്ടിച്ചിരിക്കുകയാണെന്ന് ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ടി.വി.പ്രജിത്ത് വാർത്താസമ്മേളനത്തിൽ ആരോപിച്ചു. നഗരസഭയിലെ സെന്റ് ജോസഫ് ചർച്ച് വാർഡിലാണ് ഗുരുതരമായ രീതിയിൽ ഇരട്ട വോട്ട് ചേർത്തിരിക്കുന്നത്. കോടശ്ശേരി പഞ്ചായത്തിലെ സ്ഥിരംസമിതി അദ്ധ്യക്ഷനും യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയുമായ ജോഫിൻ ഫ്രാൻസിസിന്റെയും കുടുംബത്തിന്റെയും പേരുകൾ നഗരസഭയിലെ 11-ാം വാർഡിൽ ചേർത്തിരിക്കുന്നത് ഗുരുതരമായ നിയമ ലംഘനമാണ്. ചെമ്പൻകുന്ന് വാർഡിൽ നിലവിൽ വോട്ടർ പട്ടികയിലുള്ളവരാണ് ഇവർ. ബി.ജെ.പി നേതാക്കൾ ചൂണ്ടിക്കാട്ടി. സെന്റ് ജോസഫ് പള്ളി വാർഡിൽ ഒരു വാടക വീടിന്റെ നമ്പറിലാണ് ഇവരെ ചേർത്തിരിക്കുന്നത്. മറ്റു വാർഡുകളിലെ വോട്ടർ പട്ടികയിലുള്ള 13 പേരെ ഇവിടെ മറ്റൊരു വീട്ടു നമ്പറിൽ ചേർക്കുകയും ചെയ്തു. മുൻ നഗരസഭ ചെയർമാനും കോൺഗ്രസ് നേതാവുമായയാളാണ് ഭരണ സ്വാധീനം ഉപയോഗിച്ച് കൃത്രിമം നടത്തിയത്. ബി.ജെ.പി നേതാവ് കുറ്റപ്പെടുത്തി. കൂടപ്പുഴ ഗാന്ധിനഗർ വാർഡിലും പോട്ടയിലെ കരുണാലയം വാർഡിലും കോൺഗ്രസ് നേതാക്കൾക്ക് വേണ്ടി ഇത്തരം തിരിമറികൾ നടത്തി. കൂടുതൽ ആളുകളെ വോട്ടർ പട്ടികയിൽ തിരുകിക്കയറ്റിയതായി സംശയിക്കുന്നു. മറ്റു വാർഡുകളിലും കൃത്രിമം നടന്നെന്ന് കരുതുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടി രേഖകൾ സഹിതം നഗരസഭ സെക്രട്ടറിക്ക് പരാതി നൽകി-പ്രജിത്ത് വ്യക്തമാക്കി. വാർഡുകൾ തോറുമുള്ള വോട്ടർപട്ടിക സൂക്ഷ്മമായി പരിശോധിക്കുമെന്നും അനധികൃത വോട്ടർമാരെ വെട്ടിമാറ്റുന്നതിന് ശക്തമായി നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭാരവാഹികളായ പി.ടി.ജോസ്, ടി.വി.ഷാജി, കെ.പി.ജോണി, കെ.എസ്.കുമാർ, ഗിരീഷ് കോടശ്ശേരി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.