പുതുക്കാട്: പഞ്ചായത്ത് പ്രദേശത്തെ കായിക മത്സരങ്ങളുടെ സ്ഥിരം വേദിയായ പുതുക്കാട് സെന്റ് ആന്റണീസ് ഫറോന പള്ളിയുടെ സെന്റ് ജോസഫ് ഗ്രൗണ്ട് 'ഒരു പഞ്ചായത്തിലെ ഒരു കളിസ്ഥലം' പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനായുള്ള നടപടി ആരംഭിച്ചു. സംസ്ഥാന കായിക വകുപ്പിന്റെ ഫണ്ടും എം.എൽ.എ.യുടെ മണ്ഡലം ആസ്തി വികസന ഫണ്ടും ഉപയോഗപ്പെടുത്തിയാകും നിർമ്മാണം നടത്തുകയെന്ന് കെ.കെ.രാമചന്ദ്രൻ എം.എൽ.എ അറിയിച്ചു. കെ.കെ.രാമചന്ദ്രൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ്, പള്ളി വികാരി ഫാ. പോൾ തേയ്ക്കാനത്ത്, അൽജോ പുളിക്കൻ, കെ.എസ്.ഷമീർ, കെ.ആർ.പ്രവീണ, ടോബി തോമസ്, യൂജിൻ പ്രിൻസ് എന്നിവർ ഗ്രൗണ്ട് സന്ദർശിച്ചു.