കൊടുങ്ങല്ലൂർ : ശ്രീനാരായണപുരം പഞ്ചായത്ത് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം 28ന് വൈകീട്ട് അഞ്ചിന് മന്ത്രി എം.ബി.രാജേഷ് നിർവഹിക്കും. ഇ.ടി.ടൈസൺ എം.എൽ.എ രണ്ട് ഘട്ടങ്ങളിലായി 1.2 കോടിയാണ് കെട്ടിടത്തിനായി അനുവദിച്ചത്. കൂടാതെ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം പൂർത്തീകരിച്ചത്. രണ്ട് നിലങ്ങളിലായി 6,244 സ്‌ക്വയർഫീറ്റ് വിസ്തീർണമാണ് കെട്ടിടത്തിനുള്ളത്. താഴത്തെ നിലയിൽ ഫ്രണ്ട് ഓഫീസ്, പ്രസിഡന്റ്, സെക്രട്ടറി, അസി.സെക്രട്ടറി, ജൂനിയർ സൂപ്രണ്ട്, സീനിയർ, ക്ലർക്കുമാർ, ജൂനിയർ ക്ലർക്കുമാർ, എം.ജി എൻ.ആർ.ഇ.ജി.എ സെക്ഷൻ, ഫസ്റ്റ് ഫ്‌ളോറിൽ വൈസ് പ്രസിഡന്റ്, മെമ്പർമാർ, അസിസ്റ്റന്റ് എൻജിനീയർ എന്നിവർക്കുള്ള സീറ്റും, കോൺഫറൻസ് ഹാൾ, ഡൈനിംഗ് ഹാൾ, കിച്ചൺ എന്നീ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
30 സ്റ്റാഫുകൾക്കും 21 മെമ്പർമാർക്കും പൊതുജനങ്ങൾക്കും ആവശ്യമായ സൗകര്യം പഞ്ചായത്തിലുണ്ട്. ഇ.ടി.ടൈസൺ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ബെന്നി ബഹനാൻ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ്, മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കുമെന്ന് ശ്രീനാരായണപുരം പഞ്ചായത്ത് പ്രസിഡന്റ് എം.എസ്.മോഹനൻ അറിയിച്ചു. ഉദ്ഘാടന പരിപാടിയോടനുബന്ധിച്ച് വൈകീട്ട് മൂന്ന് മുതൽ രാത്രി പത്ത് വരെ വിവിധ കലാപരിപാടികളുണ്ടാകും. പ്രസിഡന്റ് എം.എസ്.മോഹനൻ, വൈസ് പ്രസിഡന്റ് സജിത പ്രദീപ്, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എ.അയൂബ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.സി.ജയ, അസി.സെക്രട്ടറി ഡേവിസ് തുടങ്ങിയവർ പങ്കെടുത്തു.