പാവറട്ടി : 12 കിലോമീറ്റർ നീളമുള്ള കൊച്ചിൻ ഫ്രണ്ടിയർ തോടിന്റെ എളവള്ളി പഞ്ചായത്ത് ഭാഗത്തെ ശുചീകരണത്തിന് തുടക്കം. കണ്ടാണശ്ശേരി അതിർത്തിയിലുള്ള ചീർപ്പിൽ നിന്നും നാല് കി.മി.നീളത്തിലുള്ള ഭാഗത്തെ മൺതിട്ടയും ചെളിയും ഒഴുക്കിനു തടസമുള്ള മരക്കൊമ്പുകളും ഉണങ്ങി മറിഞ്ഞു വീണ മുളങ്കൂട്ടവുമാണ് നീക്കുന്നത്. ഹരിത കേരളം മിഷന്റെ 'ഇനി ഞാൻ ഒഴുകട്ടെ ' പദ്ധതിയുടെ ഭാഗമായാണ് എളവള്ളി പഞ്ചായത്ത് തോട് വൃത്തിയാക്കുന്നത്. ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്നുലക്ഷം രൂപയാണ് പദ്ധതിക്ക് വകയിരുത്തിയിട്ടുള്ളത്. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ബാർജിൽ ഘടിപ്പിച്ച യന്ത്രത്തിന്റെ സഹായത്തോടെയാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. അഞ്ചുവർഷം മുമ്പാണ് കൊച്ചിൻ ഫ്രണ്ടിയർ തോട് ശുചീകരണം ജനകീയ പങ്കാളിത്തത്തോടെ നടന്നത്. തോടിന്റെ ഇരുഭാഗവും ഡിജിറ്റൽ സർവേ പൂർത്തീകരിച്ചിട്ടുണ്ട്.
പഞ്ചായത്തിന്റെ ഹൃദയഭാഗത്തുകൂടെ ഒഴുകുന്ന കൊച്ചിൻ ഫ്രണ്ടിയർ തോടിൽ മരങ്ങളും മാലിന്യങ്ങളും നിറഞ്ഞ് ഒഴുക്ക് തടസപ്പെടാറുള്ളത് പതിവാണ്. അതുകൊണ്ടു തന്നെ കിഴക്കേത്തല സെന്റർ, വഞ്ചിക്കടവ് റോഡ് എന്നീ ഭാഗങ്ങളിൽ വലിയ വെള്ളക്കെട്ട് ഉണ്ടാകാറുണ്ട്. കഴിഞ്ഞ മഴയ്ക്ക് മുമ്പ് പദ്ധതി തയ്യാറാക്കി ടെണ്ടർ ചെയ്തതിനാലാണ് പ്രവൃത്തി ഇപ്പോൾ നടപ്പാക്കാനായത്. പഞ്ചായത്ത് ഭരണസമിതി ദീർഘവീക്ഷണത്തോടെ പദ്ധതികൾ നടപ്പാക്കുന്നതിൽ വീഴ്ചയുണ്ടെന്ന് ചില രാഷ്ട്രീയ പാർട്ടികൾ ആരോപിച്ചിരുന്നു.
പദ്ധതികൾ കടലാസിൽ ഒതുങ്ങി നിൽക്കുന്നതല്ല പ്രവർത്തന പദത്തിലാണെന്ന് വിമർശകരെ ബോദ്ധ്യപ്പെടുത്തുന്ന രീതിയിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. പദ്ധതി പൂർത്തീകരണത്തിന് തുക പോരെങ്കിൽ അധികം തുക അനുവദിക്കും
-ജിയോഫോക്‌സ്
(എളവള്ളി പഞ്ചായത്ത് പ്രസിഡന്റ്)