
പുതുക്കാട്: അടിപ്പാത നിർമ്മാണം നടക്കുന്ന ആമ്പല്ലൂർ ജംഗ്ഷൻ മറികടക്കാൻ വാഹനങ്ങൾക്ക് മണിക്കൂറുകൾ കാത്തുകിടക്കേണ്ട സ്ഥിതി. അടിപ്പാതയുടെ ഇരുവശത്തുമായി സർവീസ് റോഡിനോട് ചേർന്ന് പ്രധാന പാതയുടെ നിർമ്മാണത്തിന് അസ്ഥിവാരം കോരിയതു മുതൽ തുടങ്ങിയതാണ് ഇപ്പോഴത്തെ ഗതാഗതക്കുരുക്ക്. രണ്ടുവരി പാതയിലൂടെ വരുന്ന വാഹനങ്ങൾ സർവീസ് റോഡിലെ ഒറ്റവരിപ്പാതയിലേക്ക് പ്രവേശിക്കുന്നിടത്ത് ആരംഭിക്കുന്ന ഗതാഗതക്കുരുക്കാണ് പ്രശ്‌നം. രണ്ട് ദിശയിലേക്കും കുരുക്കിന് ഏറ്റക്കുറച്ചിലില്ല. സർവീസ് റോഡിന്റെ ഓരത്ത് കുത്തിപ്പൊളിച്ച് സർവീസ് റോഡിൽ ഡ്രമ്മുകൾ നിരത്തി വാഹനങ്ങൾക്ക് സംരക്ഷണം ഒരുക്കിയതോടെ ഒറ്റവരിയായി മാത്രമാണ് വാഹനങ്ങൾക്ക് സഞ്ചരിക്കാനാവുന്നുള്ളൂ. ഭാരവാഹനങ്ങൾ ഡ്രെയ്നേജിനു മുകളിലെ സ്ലാബുകളിൽ കയറാതെയാണ് സഞ്ചരിക്കുന്നത്. ഇതിനാൽ വേഗത കുറച്ച് സഞ്ചരിക്കുന്നതും ഗതാഗത തടസത്തിന് വേഗത വർദ്ധിപ്പിക്കുന്നു. വാരാന്ത്യമായതിനാൽ വാഹനങ്ങളുടെ എണ്ണം വർദ്ധിച്ചതും കുരുക്കിന്റെ ആക്കം കൂട്ടിയിട്ടുണ്ട്.
കുരുക്കിന് ആക്കം കൂട്ടി സ്ലാബുകളുടെ തകർച്ച
ചാലക്കുടി: ദേശീയപാത മുരിങ്ങൂരിൽ ഒഴിയാതെ ഗതാഗതക്കുരുക്ക്. ശനിയാഴ്ച രാവിലെയും എറണാകുളം - തൃശൂർ ദിശയിൽ ഏറെനേരം വാഹനങ്ങൾ കുടുങ്ങിക്കിടന്നു. ഇടവിട്ട് പെയ്ത മഴ ഗതാഗത സ്തംഭനത്തിന് ആക്കംകൂട്ടി. വൈകീട്ടത്തെ വാഹനക്കുരുക്ക് അതിരൂക്ഷമായി. ഏതാനും ദിവസങ്ങളായി അടിപ്പാത നിർമ്മാണം നടക്കുന്ന മുരിങ്ങൂരിലെ സ്ഥിതി ഇതു തന്നെയാണ്. ഇതിനിടെ കാനയുടെ സ്ലാബുകൾ തകരുന്നത് മറ്റൊരു ദുരിതമായി. മൂന്നു ദിവസം മുമ്പ് മുരിങ്ങൂർ ജംഗ്ഷനിൽ സ്ലാബ് ഒടിഞ്ഞുവീണത് ദുരന്തത്തിൽ കലാശിക്കാതിരുന്നത് തലനാരിഴയുടെ വ്യത്യാസത്തിലായിരുന്നു. കൊരട്ടി ഭാഗത്തും കഴിഞ്ഞ ദിവസം മൂന്ന് സ്ലാബുകൾ തകർന്നു. ഇവയുടെ അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ല. സ്ലാബുകളുടെ തകർച്ച ഇരുചക്ര വാഹന യാത്രികർക്ക് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.