തൃശൂർ: കഴിഞ്ഞ സാമ്പത്തികവർഷത്തിൽ മൂന്നരക്കോടിയുടെ വിറ്റുവരവുമായി വെറ്ററിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്‌സിറ്റി മണ്ണുത്തി ക്യാമ്പസിലെ ടെക്‌നോളജി ഇൻഫർമേഷൻ ആൻഡ് സെയിൽസ് സെന്റർ. 1.88 ലക്ഷം ലിറ്റർ പാൽ, 12,873 കി.ഗ്രാം ബീഫ്, 6617 കി.ഗ്രാം ചിക്കൻ, 9703 കി.ഗ്രാം പന്നിയിറച്ചി, 1887 കി.ഗ്രാം താറാവിറച്ചി, 93 കി.ഗ്രാം മുയലിറച്ചി, 17,787 പൗൾട്രി ഉത്പ്പന്നങ്ങൾ, 12,425 പാക്കറ്റ് മീറ്റ് പ്രോഡക്ടുകൾ, 1926 പാക്കറ്റ് ജൈവ ഉത്പ്പന്നങ്ങൾ, 74 സർവകലാശാല പ്രസിദ്ധീകരണങ്ങളും വിൽപ്പന നടത്തി. സർവകലാശാല ഡയറി പ്ലാന്റ് കെ.വി.എ.എസ്.യു ഫാമിൽ നിന്നും പാൽ, തൈര്, പനീർ, നെയ്യ്, സംഭാരം, പാലട പായസം, ഗുലാബ് ജാമുൻ, ഐസ്‌ക്രീമുകൾ, ഹൽവകൾ എന്നിവയെല്ലാം സർവകലാശാലാ തലത്തിലുള്ള ഗുണനിലവാര പരിശോധനകളോടെയാണ് വിൽപ്പനയ്‌ക്കെത്തുന്നത്.

കട്ട്‌ലറ്റുകൾ, സോസേജുകൾ, നഗ്ഗറ്റുകൾ, സ്‌മോക്ഡ് മീറ്റ്‌സ്, അച്ചാറുകൾ, റെഡി ടു കുക്ക് ഇനങ്ങൾ എന്നിവ ലഭ്യമാണ്. പ്രീമിയം ഫ്രഷ് ബീഫ്, ആട്ടിറച്ചി, പന്നിയിറച്ചി, ചിക്കൻ, കാട, മുയൽ, താറാവിറച്ചി എന്നിവ ശീതീകരിച്ചതും സംസ്‌കരിച്ചതുമായ രൂപങ്ങളിലുണ്ട്. പശുവിന്റെയും എരുമയുടെയും പാൽ, തൈര്, പനീർ, നെയ്യ്, ഗുലാബ് ജാമുൻ, പേഡ, പാലട പായസം, ഐസ്‌ക്രീമുകൾ എന്നിവയുമുണ്ട്.

മണ്ണിര കമ്പോസ്റ്റ്, ചാണകപ്പൊടി, വേപ്പെണ്ണ എമൽഷനുകൾ, പഞ്ചഗവ്യം, ജീവാമൃതം തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.

ഉത്പന്നങ്ങൾ നാലിടങ്ങളിലേത്

1. മീറ്റ് ടെക്‌നോളജി യൂണിറ്റ്

2. യൂണിവേഴ്‌സിറ്റി ഡയറി പ്ലാന്റ്

3. യൂണിവേഴ്‌സിറ്റി ലൈവ്‌സ്റ്റോക്ക് ഫാം

4. മറ്റ് ഗവേഷണ കേന്ദ്രങ്ങൾ

ഗുണനിലവാര പരിശോധനയ്ക്ക് ശേഷം

ശാസ്ത്ര, സാങ്കേതിക പരിശോധനകൾ

എഫ്.എസ്.എസ്.ഐ നിഷ്‌കർഷിച്ചിട്ടുള്ള പരിശോധനകൾ


പ്രവർത്തനം


എല്ലാ ദിവസങ്ങളിലും (ഞായറാഴ്ച ഒഴികെ) രാവിലെ ഒമ്പതര മുതൽ വൈകീട്ട് അഞ്ചര വരെ

ഞായറാഴ്ചകളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ