photo-

മാള: പൊയ്യ പഞ്ചായത്തിൽ നീർനായ ശല്യം രൂക്ഷമായതോടെ മത്സ്യത്തൊഴിലാളികൾ ദുരിതത്തിൽ. പുഴയോരങ്ങളിലും തീരദേശ വാർഡുകളിലും നീർനായ ശല്യം ഓരോ വർഷവും കൂടി വരുന്നതായി നാട്ടുകാർ പറയുന്നു. രാത്രികാലങ്ങളിൽ കൂട്ടമായെത്തുന്ന നീർനായകൾ, പ്രത്യേകിച്ച് കുഞ്ഞുങ്ങൾ കൂടെയുണ്ടെങ്കിൽ ആക്രമണോത്സുകരാകുന്നതിനാൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനം നടത്തുന്നത് ഭയപ്പാടോടെയാണ്. വലകൾ കീറി നശിപ്പിക്കുന്നതും പതിവാണ്. കൃഷ്ണൻകോട്ട, ചെന്തുരുത്തി, അത്തിക്കടവ് തുടങ്ങിയ പ്രദേശങ്ങളിലാണ് കൂടുതൽ ശല്യം. പൊയ്യയിലെ അഡാക് ഫാമിലും നീർനായ ശല്യം ഏറെ നഷ്ടം ഉണ്ടാക്കുന്നു. നീർനായകൾ കരിമീൻ, കാളാഞ്ചി, ചെമ്പല്ലി, കാരചെമ്മീൻ, കൊഞ്ച് തുടങ്ങിയവയെ ഭക്ഷിക്കുന്നതിനാൽ മത്സ്യവളർത്തൽ മേഖല പ്രതിസന്ധിയിലാണ്. പലരും ചെമ്മീൻകെട്ടുകൾ ഉപേക്ഷിക്കുന്നു. അനാഥമായ കെട്ടുകളിൽ കാടുകൾ വളരുകയും ചെയ്തു. ഇത് നീർനായകൾക്ക് കൂടുതൽ വിഹാരസൗകര്യം നൽകുന്നുണ്ട്. കഴിഞ്ഞ ദിവസം കൊടകര-കൊടുങ്ങല്ലൂർ സംസ്ഥാനപാതയിലെ ഗ്രീൻലാൻഡ് ഭാഗത്ത് വാഹനമിടിച്ച് ഒരു നീർനായ ചത്തിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ സംഭവം അന്വേഷിച്ചു. കൊല്ലപ്പെട്ട നീർനായയെ നാട്ടുകാർ വനംവകുപ്പിന് കൈമാറി. നീർനായ ശല്യത്തിന് ശാശ്വത പരിഹാരം വേണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം. പഞ്ചായത്തും വനംവകുപ്പും ചേർന്ന് പരിഹാര നടപടികൾ സ്വീകരിക്കണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം.