photo-
വള്ളത്തോൾ നഗർ റെയിൽവേ സ്റ്റേഷനിൽ വ്യാഴാഴ്ച കോട്ടയം-നിലമ്പൂർ പാസഞ്ചർ മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിർത്തിയപ്പോൾ യാത്ര ക്കാരുടെ വഴിമുടക്കി രണ്ടാമത്തെ പ്ലാറ്റ്ഫോ മിൽ കിടന്ന ഗുഡ്‌സ് ട്രെയിൻ. ഇതിനടിയിൽ നിന്നാണ് യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെടുന്നതിനായി ഗുഡ്സ് ട്രെയിന്റെ അടിയിലൂടെ അപ്പുറത്തേക്ക് കടക്കുന്ന യാത്രക്കാരി

ചെറുതുരുത്തി: പ്ലാറ്റ്‌ഫോമിന്റെ ഉയരക്കുറവും രണ്ടും മൂന്നും റെയിൽവേ പാളങ്ങളിൽ പ്ലാറ്റ്‌ഫോമുകൾ ഇല്ലാത്തതും മൂലം വള്ളത്തോൾ നഗർ റെയിൽവേ സ്റ്റേഷനിലെ യാത്രക്കാർ ദുരിതത്തിൽ. ഷൊർണൂർ റെയിൽവേ ജംഗ്ഷന്റെ തൊട്ടടുത്തുള്ള സ്റ്റേഷനായതിനാൽ മറ്റു ട്രെയിനുകൾ കടന്നുപോകാൻ നിരവധി ട്രെയിനുകൾ ഇവിടെ പിടിച്ചിടും. എന്നാൽ ഇവിടെ ആളുകൾക്ക് ഇറങ്ങാൻ ഫ്‌ളാറ്റ്‌ഫോം ഇല്ലാത്ത അവസ്ഥയാണ്. പലരും പാളങ്ങളിലേക്ക് ഇറങ്ങുന്നത് തൂങ്ങിയും നിരങ്ങിയുമാണ്.
നിലവിൽ മൂന്നാംനമ്പർ പ്ലാറ്റ്‌ഫോമിൽ ഇറങ്ങിയാൽ യാത്രക്കാർക്ക് സ്റ്റേഷനിലേക്കോ റോഡിലേക്കോ എത്താൻ അപകടകരമായ വിധം ട്രാക്കിലൂടെ നടക്കേണ്ട അവസ്ഥയാണ്. കേരള കലാമണ്ഡലം, ദേശീയ പഞ്ചകർമ്മ ആയുർവേദ ആശുപത്രി,പി.എൻ.എൻ.എം മെഡിക്കൽ കോളേജ്, ജ്യോതി എൻജിനീയറിംഗ് കോളേജ്, ചെറുതുരുത്തി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ തുടങ്ങിയ നിരവധി സ്ഥാപനങ്ങളിലേക്ക് വരുന്നവർ അധികവും ആശ്രയിക്കുന്നത് വള്ളത്തോൾ നഗർ റെയിൽവേ സ്റ്റേഷനെയാണ്. ദിനംപ്രതി 100 മുതൽ 120 വരെയുള്ള ട്രെയിനുകളാണ് കടന്നു പോകുന്നത്.


ഒഴിവായത് വൻ ദുരന്തം

കഴിഞ്ഞ വ്യാഴാഴ്ച റെയിൽവേ സ്റ്റേഷനിൽ ഒഴിവായത് വൻ ദുരന്തം. ഒരു കൂട്ടം യാത്രക്കാരാണ് അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്. മൂന്നാം പ്ലാറ്റ്‌ഫോമിൽ എത്തിയ പാസഞ്ചറിൽ വന്നവർ ഫ്‌ളൈ ഓവർ ഇല്ലാത്തതിനാൽ ഗുഡ്‌സ് ട്രെയിനിന് അടിയിലൂടെ മറുവശത്തത്തേയ്ക്ക് കടക്കാൻ ശ്രമിച്ചു. ഇതിനിടെ ഗുഡ്‌സ് ട്രെയിൻ അപ്രതീക്ഷിതമായി മുന്നോട്ടു നീങ്ങി. ഒപ്പം മൂന്നാം പ്ലാറ്റ്‌ഫോമിലെ പാസഞ്ചർ ട്രെയിനും പുറപ്പെട്ടതോടെ യാത്രക്കാർ പരിഭ്രാന്തരായി. യാത്രക്കാർ ബഹളംവെച്ചതോടെയാണ് വൻ ദുരന്തം ഒഴിവായത്.