അതിരപ്പിള്ളി: തുമ്പൂർമൂഴി ഗാർഡനിലെ വികസന മുരടിപ്പിനെതിരെ എൽ.ഡി.എഫ് പ്രതിഷേധ സമരം നടത്തി. നിലവിലുള്ള ജീവനക്കാരെ ആനുകൂല്യങ്ങൾ നൽകാതെ പിരിച്ചുവിടുന്നതും മാസം തോറും ലക്ഷങ്ങൾ വരുമാനമുണ്ടായിരുന്ന ടൂർ പാക്കേജിന്റെ വാഹനങ്ങൾ കാടുകയറി തുരുമ്പെടുത്ത് നശിക്കുന്നതും ഓണം കഴിഞ്ഞ് ആഴ്ചകളായിട്ടും ജീവനക്കാർക്ക് ബോണസ് നൽകാത്തതും ചൂണ്ടിക്കാണിച്ചായിരുന്നു ധർണ. എൽ.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമരം സി.പി.എം ഏരിയ സെക്രട്ടറി കെ.എസ്.അശോകൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ലാ കൗൺസിൽ അംഗം എം.വി.ഗംഗാധരൻ, പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.റിജേഷ്, വൈസ് പ്രസിഡന്റ് സൗമിനി മണിലാൽ, അഡ്വ. ആതിര ദേവരാജൻ, കെ.എസ്.സതീഷ് കുമാർ, കെ.കെ.സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.