അരിമ്പൂർ: തൃശൂർ-വാടാനപ്പിള്ളി സംസ്ഥാനപാതയിൽ ചേറ്റുപുഴ പാടത്ത് സ്വകാര്യബസിന്റെ അടിയിൽ കുടുങ്ങിയ ബൈക്കിൽ യാത്ര യാത്രികൻ മരിച്ചു. വെളുത്തൂർ ചിത്ര ക്ലബ്ബിന് സമീപം താമസിക്കുന്ന കളത്തിപ്പറമ്പിൽ ജോയ് (67) ആണ് മരിച്ചത്. നിർമ്മാണത്തൊഴിലാളിയാണ്. ഞായറാഴ്ച രാത്രി ഏഴോടെയാണ് സംഭവം. സമീപവാസിയായ വടക്കൂട്ട് ഹരിക്കൊപ്പം ബൈക്കിൽ പോകുമ്പോഴായിരുന്നു ജോയ് അപകടത്തിൽപ്പെട്ടത്. കാഞ്ഞാണി റൂട്ടിൽ ഓടുന്ന എടക്കളത്തൂർ ബസാണ് അപകടത്തിൽപ്പെട്ടത്. ബസിനെ ഓവർടേക്ക് ചെയ്യാനുള്ള ശ്രമത്തിനിടെ അതേ ബസിൽ തട്ടി ബൈക്ക് തെന്നി വീഴുകയായിരുന്നു. ബസിന്റെ ചക്രം കയറിയാണ് ജോയ് മരിച്ചത്. ബൈക്കോടിച്ചിരുന്ന ഹരിക്കും പരിക്കുണ്ട്. ഹരി മദർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. അന്തിക്കാട്, തൃശൂർ വെസ്റ്റ് സ്റ്റേഷനുകളിൽ നിന്നും പൊലീസ് എത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ഭാര്യ: മേഴ്‌സി. മക്കൾ: ജോയ്‌സി, നാൻസി, ജിന്റോ.