
മാള: കെ.കരുണാകരൻ സ്മാരക ബി.എഫ്.എച്ച്.സിയിൽ പോസ്റ്റ്‌മോർട്ടം പുനരാരംഭിക്കും. 26ന് ബ്ലോക്ക് പഞ്ചായത്ത് അടിയന്തര യോഗത്തിൽ ഉണ്ടായ പ്രതിഷേധത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. മാള ബി.എഫ്.എച്ച്.സിയിൽ പോസ്റ്റ്‌മോർട്ടം താത്കാലികമായി നിറുത്തിയതിനെ തുടർന്ന് മൃതദേഹങ്ങൾ തൃശൂർ മെഡിക്കൽ കോളേജിലേക്കോ മറ്റ് കേന്ദ്രങ്ങളിലേക്കോ മാറ്റേണ്ടി വരികയായിരുന്നു. ഇതുമൂലം ദൂരയാത്ര, ചെലവ്, സമയം എന്നീ കാര്യങ്ങളിൽ ജനങ്ങൾക്ക് ബുദ്ധിമുട്ട് നേരിട്ടിരുന്നു. ജനങ്ങളിൽ നിന്നും രാഷ്ട്രീയ പാർട്ടികളിൽ നിന്നും പ്രതിഷേധങ്ങൾ ശക്തമായ സാഹചര്യത്തിലാണ് നടപടികൾ പുനരാരംഭിക്കുന്നതിന് ഉത്തരവ് ഇറങ്ങിയത്. സൂപ്രണ്ട് ഡോ. ഫിലോമിന അലോഷ്യസ് ഉത്തരവ് പുറത്തിറക്കിയത്. പോസ്റ്റ്‌മോർട്ടം നടപടികൾക്കായി അസിസ്റ്റന്റ് സർജന്മാരായ ഡോ. ജീന ജോസഫ്, ഡോ. മുഹമ്മദ് ഫവാസ് എന്നിവരെ ചുമതലപ്പെടുത്തി.