1
1

തൃശൂർ : മഴ മാറി നിന്നിട്ടും നഗരത്തിലെ നിരവധി റോഡുകൾ അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്ന് കോർപറേഷൻ യോഗത്തിൽ പ്രതിപക്ഷ കൗൺസിലർമാർ. എം.ജി റോഡ്, സ്വരാജ് റൗണ്ട് ഉൾപ്പെടെ പ്രധാന റോഡുകളിലെല്ലാം കുഴികളാണ്. മഴ മാറി നിൽക്കുമ്പോൾ അടിയന്തരമായി അറ്റകുറ്റപ്പണി നടത്താൻ കോർപ്പറേഷൻ ടാറിംഗ് വിഭാഗം തയ്യാറാകണമെന്നും അവർ ആവശ്യപ്പെട്ടു. വേണ്ട നടപടി സ്വീകരിക്കുമെന്ന് മേയർ മറുപടി നൽകി. കാനകൾ മിക്കതും ചളിയും മണ്ണും നിറഞ്ഞ് അടഞ്ഞ് കിടക്കുന്നതിനാൽ മലിന ജലം ഒഴുകിപ്പോകാനാകാതെ തളം കെട്ടി നഗരവാസികൾ കൊതുകുശല്യത്താൽ പൊറുതിമുട്ടുകയാണെന്നും പ്രതിപക്ഷ അംഗങ്ങൾ ചൂണ്ടിക്കാട്ടി. രണ്ടു വർഷമായി ഡിവിഷനുകളിൽ പുല്ലുവെട്ട് യന്ത്രങ്ങൾ ഇല്ലാതെ പുല്ല് വളർന്ന് കാട് പിടിച്ച് ശുചീകരണ പ്രവർത്തനങ്ങൾ നടത്താൻ കഴിയാത്തതിനാൽ ജനങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണെന്ന് പ്രതിപക്ഷ ഉപനേതാവ് ഇ.വി.സുനിൽരാജ് പറഞ്ഞു.
വൈദ്യുതി വിഭാഗത്തിലെ ജീവനക്കാരെ വെട്ടികുറച്ച നടപടി പ്രതിപക്ഷം ഉയർത്തിയെങ്കിലും ഇക്കാര്യത്തിൽ മേയറും വർഗീസ് കണ്ടംകുളത്തിയും നിലപാടുകൾ വിശദീകരിച്ചതോടെ പ്രതിപക്ഷം ബഹളത്തിന് നിന്നില്ല. പറ്റിയ തെറ്റ് ബോദ്ധ്യപ്പെട്ടതോടെ സർക്കാർ അത് തിരുത്തിയെന്ന് മേയർ വ്യക്തമാക്കി. എല്ലാ ഡിവിഷനുകളിലും പൂന്തോട്ടമൊരുക്കുന്ന പദ്ധതി സുതാര്യമായി കൈകാര്യം ചെയ്യണമെന്ന് ബി.ജെ.പി പാർലിമെന്ററി പാർട്ടി ലീഡർ വിനോദ് പൊള്ളാഞ്ചേരിയും എൻ.വി.രാധികയും ആവശ്യപ്പെട്ടു. നാൽപതിലേറെ അജണ്ടകൾ ഒരു മണിക്കൂറിനുള്ളിൽ ചർച്ച ചെയ്ത് കൗൺസിൽ യോഗം പിരിഞ്ഞു. ജയപ്രകാശ് പൂവ്വത്തിങ്കൽ, മുകേഷ് കൂളപറമ്പിൽ, കെ.രാമനാഥൻ, മേഫി ഡെൽസൺ, എബി വർഗീസ്, കെ.സതീശ് ചന്ദ്രൻ, അനീസ് എന്നിവർ സംസാരിച്ചു.