മുപ്ലിയം : മുനിയറകളുടെ ചരിത്രമുറങ്ങുന്ന മുനിയാട്ടുകുന്നിൽ ടൂറിസം സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന്റെ ആദ്യഘട്ടമായി മുപ്ലിയം വില്ലേജിൽ 0.2023 ഹെക്ടർ സ്ഥലം ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന് കൈമാറുന്നതിന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഉത്തരവിട്ടു. കഴിഞ്ഞ വർഷം ഒക്ടോബറിൽ കളക്ടറേറ്റിൽ നടന്ന മീറ്റ് യുവർ കളക്ടർ പരിപാടിയിൽ മുപ്ലിയം ഗവ. ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി മാസ്റ്റർ സനയ് കൃഷ്ണയാണ് വിഷയം കളക്ടറുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്. തുടർന്ന് പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറും മുപ്ലിയം സ്വദേശിയുമായ പി.വി.ശ്രീജിത്ത് കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുന്നതിന് കളക്ടർ ടൂറിസം വകുപ്പിന് നിർദേശം നൽകുകയായിരുന്നു.
മീറ്റ് യുവർ കളക്ടർ പരിപാടിയുടെ അമ്പതാമത്തെ എപ്പിസോഡ് കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് നാലിന് മുനിയാട്ടുകുന്നിൽ നടന്നു. ഗവ.എച്ച്.എസ്.എസ് മുപ്ലിയം, ഗവ.എച്ച്.എസ്.എസ് കന്നാറ്റുപാടം, വരന്തരപ്പിള്ളി അസംപ്ഷൻ സ്‌കൂൾ, വേലൂപ്പാടം സെന്റ് ജോസഫ്‌സ് സ്‌കൂൾ എന്നിവിടങ്ങളിൽ നിന്നായി 60 കുട്ടികളും അദ്ധ്യാപകരും പങ്കെടുത്തു. ചോദ്യങ്ങൾ ചോദിച്ചും ഉപദേശം തേടിയും ആവശ്യങ്ങൾ ഉന്നയിച്ചും സെൽഫിയെടുത്തും വിദ്യാർത്ഥികൾ കളക്ടറോടൊത്ത് സമയം ചെലവഴിച്ചു. വരന്തരപ്പിള്ളി പഞ്ചയത്ത് പ്രസിഡന്റ് കലാപ്രിയ സുരേഷ്, വൈസ് പ്രസിഡന്റ് ടി.ജി.അശോകൻ, അജിത സുധാകരൻ, റോസിലി തോമസ്, പുഷ്പാകരൻ ഒറ്റാലി, തഹസിൽദാർ, വില്ലേജ് ഓഫീസർ, കളക്ടറേറ്റിലെ വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ടൂറിസം കേന്ദ്രമാകും
പദ്ധതി പൂർത്തീകരിക്കപ്പെടുന്നതോടെ മുനിയാട്ടുകുന്ന് ടൂറിസം കേന്ദ്രമാകും. പ്രദേശത്ത് കൈവരികൾ, ലൈറ്റുകൾ, ടോയ്‌ലറ്റ്, ഇരിപ്പിടങ്ങൾ, വേസ്റ്റ് ബിന്നുകൾ തുടങ്ങിയവ സ്ഥാപിക്കുന്നത് ഉൾപ്പടെയുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനായി ഡി.ടി.പി.സി തുടർനടപടികൾ സ്വീകരിക്കും. ഒരു വർഷത്തിനകം പദ്ധതി പൂർത്തീകരിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.
സ്ഥലം ലഭ്യമായതോടെ വികസനത്തിന് ഏറെ സാദ്ധ്യതകളുള്ള ഈ പ്രദേശത്ത് വലിയ ടൂറിസം വികസനത്തിന് ഉതകുന്ന തരത്തിൽ ഡി.പി.ആർ ഉടൻ തയ്യാറാക്കും.
-കെ.കെ.രാമചന്ദ്രൻ എം.എൽ.എ.