കൊടുങ്ങല്ലൂർ : ബാബാസായ് എഡ്യുക്കേഷൻ ട്രസ്റ്റിന്റെ ഈ വർഷത്തെ സായ് രത്‌ന പുരസ്‌കാരം ശ്രീകുമാരൻ തമ്പിക്ക് സമർപ്പിക്കുമെന്ന് ബാബാസായ് എഡ്യുക്കേഷണൽ ട്രസ്റ്റ് ചെയർമാൻ ടി.ബാലകൃഷ്ണൻ, അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസർ ഡോ. വരദ ബി മേനോൻ എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഒക്ടോബർ 2 ന് രാവിലെ 9.30 ന് നടക്കുന്ന സമ്മേളനത്തിൽ വിവേകാനന്ദ വേദിക് വിഷൻ ഫൗണ്ടേഷൻ ഡയറക്ടർ ഡോ. എം. ലക്ഷ്മി കുമാരി 50001 രൂപയും കീർത്തി ഫലകവും അടങ്ങുന്ന പുരസ്‌കാരം സമർപ്പിക്കും. റിട്ട. സൂപ്രണ്ട് ഓഫ് പൊലീസ് പി.എൻ. ഉണ്ണിരാജ, ശ്രീ കുരുംബ ഭഗവതി ക്ഷേത്രം പാരമ്പര്യ മേൽശാന്തി സത്യധർമ്മൻ അടികൾ ഫാദർ ജോസഫ് മാളിയേക്കൽ, ഡോ.കെ.കെ.യൂസഫ്, ഡോ. എം.എസ്. മുരളീധരൻ എന്നിവർ കുട്ടികൾക്ക് ആദ്യാക്ഷരം കുറിക്കും. തുടർന്ന് സംഗീത നൃത്തവാദ്യോപകരണങ്ങളുടെ അരങ്ങേറ്റവും നടക്കും. അന്നേ ദിവസം കുട്ടികൾക്കും മുതിർന്നവർക്കും മണലിൽ എഴുതുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. അടുത്ത അദ്ധ്യായന വർഷത്തേക്കുള്ള അഡ്മിഷൻ ഈ ദിവസം ആരംഭിക്കും. ഓൺലൈനായും രജിസ്റ്റർ ചെയ്യാം. പി.ടി.എ പ്രസിഡന്റ് ടി.ജയകുമാർ, സി.ഇ.ഒ വിഷ്ണുസായ് മേനോൻ, എൻ.വി. ഷാജി, സി.നന്ദകുമാർ, എം.എ മോഹനൻ എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.