ആളൂർ: കൈകൊട്ടിക്കളിയും ഭാഗ്യം കടാക്ഷിച്ചാൽ വിദേശ യാത്രയും തരപ്പെടും. വ്യത്യസ്ത രീതിയിൽ ഓണാഘോഷം ഒരുക്കുകയാണ് താഴേക്കാട് സാസംസ്‌കാരിക സമിതി. ഒക്ടോബർ രണ്ടിന് താഴേക്കാട് നാരായണത്ത് മഹാവിഷ്ണുശ്രീകൃഷ്ണ ക്ഷേത്രാങ്കണത്തിലാണ് അഖില കേരള വനിതാ കൈക്കൊട്ട് കളി മത്സരം അരങ്ങേറുക. വൈകിട്ട് 3 മുതൽ രാത്രി 10 വരെ നീളുന്ന മത്സരത്തിൽ 16-ഓളം ടീമുകൾ മാറ്റുരയ്ക്കും. 25,000 രൂപയാണ് ഒന്നാം സമ്മാനം. മറ്റു സമ്മാനങ്ങളുമുണ്ട്്. ജോൺസേട്ടൻ മെമ്മോറിയൽ ട്രോഫിക്ക് വേണ്ടിയുള്ള മത്സരത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. ഇതോട് അനുബന്ധിച്ചുള്ള കൂപ്പൺ നറുക്കെടുപ്പിലാണ് വിദേശയാത്ര അടക്കമുള്ള സമ്മാനങ്ങൾ. ഒന്നാം സമ്മാനം മൂന്നു ദിവസത്തെ ദുബായ് യാത്രയും രണ്ടാം സമ്മാനം മൂന്നു ദിവസത്തെ തായ്‌ലാന്റ് യാത്രയുമാണ്. മൂന്നാം സമ്മാനമായി ഫൈവ് സ്റ്റാർ ഹോട്ടലിലെ താമസം അടക്കമുള്ള ഭക്ഷണം. തൃശൂർ റൂറൽ അഡീഷണൽ എസ്.പി: ടി.എസ്.സിനോജ് മത്സരങ്ങൾ ഉദ്ഘാടനം ചെയ്യും. തോംസൺ ഗ്രൂപ്പ് എം.ഡി: പി.ടി.ഡേവിസ്, അഡ്വ.എം.എസ്.വിനയൻ, കെ.വി.ദിനേശ് ബാബു തുടങ്ങിയവർ സംബന്ധിക്കും.