ചിറ്റാട്ടുകര: എളവള്ളി പഞ്ചായത്തിലെ കാക്കശ്ശേരി ഇന്ദ്രാംചിറ ടൂറിസം വികസന പദ്ധതിക്ക് വിനോദസഞ്ചാര വകുപ്പിന്റെ അനുമതിയായി. ഒന്നരയേക്കർ വരുന്ന ഇന്ദ്രാംചിറ കുളം 1.53 കോടി രൂപ നഗര സഞ്ചയ പദ്ധതിയിൽ ഉൾപ്പെടുത്തി ചുറ്റുംകെട്ടി സംരക്ഷിച്ചിരുന്നു. അടിഭാഗത്തെ ചെളിയും മണ്ണും നീക്കം ചെയ്ത ശേഷം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്നുലക്ഷം രൂപ ചെലവ് ചെയ്ത് കയർ ഭൂവസ്ത്രവും വിരിച്ചിരുന്നു. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ജില്ലയിലെ ഏറ്റവും മികച്ച അമൃത സരോവറായി ഇന്ദ്രാംചിറയെ തിരഞ്ഞെടുത്തിരുന്നു. ഇന്ദ്രാംചിറയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിന് കേന്ദ്ര സംഘവും എത്തിയിരുന്നു. ഈ അവസരത്തിലാണ് വിനോദസഞ്ചാര വകുപ്പിന്റെ ടൂറിസം ഡെസ്റ്റിനേഷൻ ചലഞ്ചിൽ ഉൾപ്പെടുത്തി 85 ലക്ഷം രൂപയ്ക്ക് പദ്ധതി അംഗീകാരം ലഭിച്ചിട്ടുള്ളത്. 50 ലക്ഷം രൂപ ടൂറിസം വകുപ്പും 35 ലക്ഷം രൂപ മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി അവാർഡ് തുകയും വകയിരുത്തിയാണ് പദ്ധതിക്ക് അംഗീകാരം നേടിയത്.
കഴിഞ്ഞവർഷം ജില്ലയിൽ നിന്നും മൂന്ന് പദ്ധതികൾക്ക് അംഗീകാരം ലഭിച്ചതിൽ ഒന്ന് എളവള്ളി മണച്ചാൽ ചിൽഡ്രൻസ് പാർക്ക് ആൻഡ് കയാക്കിംഗ് എന്ന പദ്ധതിയായിരുന്നു. ഇന്ദ്രാംചിറ ടൂറിസം വികസന പദ്ധതിക്ക് അംഗീകാരം ലഭിച്ചതോടെ എളവള്ളിയിൽ രണ്ട് ടൂറിസം ഡെസ്റ്റിനേഷൻ പദ്ധതികളായി. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് മണച്ചാൽ പദ്ധതിയുടെ ഉദ്ഘാടനവും ഇന്ദ്രാംചിറ പദ്ധതിയുടെ തറക്കല്ലിടലും നടത്താനാണ് പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം.
മൈസൂർ വൃന്ദാവൻ മോഡൽ മ്യൂസിക് ഫൗണ്ടൻ
മൈസൂർ വൃന്ദാവൻ മോഡൽ മ്യൂസിക് ഫൗണ്ടൻ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ കുളത്തിന്റെ ചുറ്റും കൈവരി, ശുചിമുറി സമുച്ചയം, അതിർത്തി സുരക്ഷാവലയം, ഇന്റർലോക്ക്, രണ്ട് കുളക്കടവ് കവാടങ്ങൾ, വൈദ്യുതീകരണം, ചാരുബെഞ്ചുകൾ, ഓപ്പൺ ജിം, വൈദ്യുതാലങ്കാരങ്ങൾ എന്നിവ സ്ഥാപിക്കും. 12 മാസം കൊണ്ട് പദ്ധതിയുടെ നിർമ്മാണം പൂർത്തീകരിക്കും.
ഗ്രാമീണ മേഖലയിൽ ടൂറിസം പദ്ധതികൾ കൊണ്ടുവരുന്നതിലൂടെ ആഭ്യന്തര വിപണിയും പ്രാദേശിക സാമ്പത്തിക ഭദ്രതയും ഉറപ്പുവരുത്താനാകും.
-ജിയോഫോക്‌സ്
(എളവള്ളി പഞ്ചായത്ത് പ്രസിഡന്റ്)