കയ്പമംഗലം: പെരിഞ്ഞനം കോവിലകം കിഴക്ക് ഭാഗത്ത് പുലിയെന്ന സംശയത്തിൽ കണ്ടത് കാട്ടുപൂച്ചയെയാണെന്ന് ഫോറസ്റ്റ് അധികൃതർ സ്ഥിരീകരിച്ചു. ചാലക്കുടി ഫോറസ്റ്റ് ഡിവിഷനിലെ മൊബൈൽ പാർട്ടി ഓഫീസർ നടത്തിയ പരിശോധനയിലാണ്, കണ്ടത് കാട്ടുപൂച്ചയാണെന്ന് ഉറപ്പിച്ചത്. ഇന്നലെ രാത്രി ഏഴരയോടെ പുലിയെ കണ്ടതായി പറഞ്ഞ വീട്ടിലെത്തി സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കാട്ടുപൂച്ച തന്നെയാണെന്ന് ഉറപ്പിച്ചത്. ഇതോടെ ഏറെ നേരം പരിഭ്രാന്തരായ ജനങ്ങൾക്ക് ആശ്വാസമായി. ഇന്നലെ വൈകീട്ട് നാലരയോടെയാണ് കോവിലകം കിഴക്ക് ഭാഗത്ത് പുലിയെ കണ്ടതായി സംശയം ഉയർന്നത്. വീടിന്റെ മതിലിൽ കയറി നടക്കുന്ന ദൃശ്യവും പുറത്ത് വന്നിരുന്നു. സംഭവമറിഞ്ഞ് കയ്പമംഗലം പൊലീസും പെരിഞ്ഞനം പഞ്ചായത്ത് അധികൃതരും നാട്ടുകാരും സ്ഥലത്തെത്തിയിരുന്നു.