അന്നമനട : സംസ്ഥാന സർക്കാരിന്റെ അതിദാരിദ്ര്യ നിർമാർജന പദ്ധതി വിജയകരമായി നടപ്പാക്കി അന്നമനട പഞ്ചായത്ത് അതിദാരിദ്ര്യമുക്തമായി. സർവേയിൽ കണ്ടെത്തിയ 30 കുടുംബങ്ങൾക്ക് മൈക്രോ പ്ലാൻ തയ്യാറാക്കി റേഷൻ കാർഡ്, ആധാർ, വോട്ടർ ഐ.ഡി, ആരോഗ്യ ഇൻഷ്വറൻസ്, സാമൂഹിക സുരക്ഷാ പെൻഷൻ, ബാങ്ക് അക്കൗണ്ട് തുടങ്ങി അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കി. ഭക്ഷണം ആവശ്യമായ 15 കുടുംബങ്ങൾക്ക് തുടർന്നും ഭക്ഷ്യക്കിറ്റ് നൽകും. അഞ്ചുപേർക്ക് ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ് വഴി മരുന്ന് ലഭ്യമാക്കി. ഭവനരഹിതർക്കും ഭൂരഹിതർക്കും വീട് നൽകി. വീടിന്റെ പുനരുദ്ധാരണത്തിൽ ഉൾപ്പെട്ട മൂന്ന് പേർക്ക് വാസയോഗ്യമാക്കി വീട് കൈമാറി. ശാരീരിക അവശതകൾ അനുഭവിച്ചിരുന്ന മേരിയെ സുരക്ഷിത സ്ഥാപനത്തിലേക്ക് മാറ്റിപ്പാർപ്പിച്ചു. എ.എ.വൈ കാർഡിൽ ഉൾപ്പെടാതിരുന്ന മൂന്ന് പേർക്ക് പഞ്ചായത്ത് ഫണ്ടിൽ നിന്ന് ഓണക്കിറ്റ് നൽകി.
അന്നമനട പഞ്ചായത്തിനെ അതിദാരിദ്ര്യമുക്ത പഞ്ചായത്തായി പഞ്ചായത്ത് പ്രസിഡന്റ് പി.വി.വിനോദ് പ്രഖ്യാപിച്ചു. പഞ്ചായത്ത് സെക്രട്ടറി ഉഷാദേവി, പഞ്ചായത്ത് അംഗങ്ങളായ ജോബി ശിവൻ, സുനിതാ സജീവൻ, ലളിതാ ദിവാകരൻ, ബൈജു എന്നിവർ പ്രസംഗിച്ചു.